ഇൻഡിഗോയ്ക്ക് ദോഹയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പുതിയ സർവീസ്
ദോഹ: ഇന്ത്യയിലെ ടിക്കറ്റ് വില കുറഞ്ഞ എയർലൈനുകളിൽ ഒന്നായ ഇൻഡിഗോയ്ക്ക് ദോഹ-ഇന്ത്യ പുതിയ സർവീസ് കൂടി. ഓഗസ്റ്റ് 7 മുതൽ തിരുച്ചിറപ്പള്ളിയിലേക്കാണ് ദോഹയിൽ നിന്ന് ഇൻഡിഗോയുടെ നേരിട്ടുള്ള ഫ്‌ളൈറ്റ് തുടങ്ങുന്നത്. എല്ലാ ശനിയാഴ്ചയുമായി പ്രതിവാര സർവീസാണ് ഇൻഡിഗോ നടത്തുക. 6E8928 വിമാനം അർധരാത്രി 12:35 ന് ദോഹയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7:35 ന് തിരുച്ചിറപ്പള്ളിയിലെത്തിച്ചേരും. തിരികെ, 8:45 ന് പുറപ്പെടുന്ന വിമാനം 10:55 ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യും.
A320 എയർക്രാഫ്റ്റിൽ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന വിമാനത്തിന്റെ സീറ്റിങ്ങ് ശേഷി 180 ആണ്. ഇൻഡിഗോ വെബ്‌സൈറ്റിൽ നിലവിൽ ബുക്കിംഗ് ആരംഭിച്ചിട്ടുള്ള സർവീസിന്റെ ചാർജ്ജ് 545 ഖത്തർ റിയാലാണ്. ഇൻഡിഗോയ്ക്ക് ദോഹയിൽ നിന്ന് നേരത്തെ സർവീസുകൾ ഉള്ള ഇന്ത്യൻ വിമാനത്താവളങ്ങളായ, ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവയ്ക്ക് പുറമെ, ഏതാനും ആഴ്ചകൾക്ക് മുൻപ് ലഖ്‌നൗവിലേക്കും പുതിയ സർവീസ് ആരംഭിച്ചിരുന്നു.