വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി 2023 മാർച്ച് 6 തിങ്കളാഴ്ച ദോഹയിൽ എത്തും.
ഏറ്റവും കുറവ് വികസനമുള്ള രാജ്യങ്ങളുടെ (എൽഡിസി) ക്ഷേമത്തിനായുള്ള ദശാബ്ദക്കാല സമ്മേളനമായ എൽഡിസി 5 – അഞ്ചാമത് യുണൈറ്റഡ് നേഷൻസ് കോൺഫറൻസിൽ പങ്കെടുക്കാൻ മന്ത്രി രാജ്യത്തെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
2023 മാർച്ച് 6-ന് മന്ത്രി ഇന്ത്യയുടെ ദേശീയ പ്രസ്താവന നടത്തും. കൂടാതെ “Leveraging the power of Science and Technology and innovation for the sustainable Development of LDCs” എന്ന തലക്കെട്ടിൽ വട്ടമേശ സമ്മേളനത്തിൽ ഒരു പാനലിസ്റ്റ് ആയും പങ്കെടുക്കും.
“ദോഹ പ്രോഗ്രാം ഓഫ് ആക്ഷൻ നടപ്പിലാക്കുന്നതിന് പിന്തുണ നൽകുന്നതിനായി പ്രവർത്തനക്ഷമമായ പരിഹാരങ്ങൾക്കായുള്ള പുതുക്കിയ പങ്കാളിത്തം” എന്ന വിഷയത്തിൽ മാർച്ച് 7 ന് നടക്കുന്ന സൗത്ത് സൗത്ത് സഹകരണത്തിലെ മന്ത്രിതല യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
LDC5-ന്റെ ഭാഗമായി, മന്ത്രി തന്റെ സഹപ്രവർത്തകരുമായി നിരവധി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രത്യേകിച്ച് ആഫ്രിക്കയിൽ നിന്നുള്ള പങ്കാളി രാജ്യങ്ങൾക്ക് ഔദ്യോഗിക ഉച്ചഭക്ഷണം നൽകുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ