ഖത്തറിൽ മരണപ്പെട്ട ഇരുപത്തിയൊമ്പതുകാരന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായത് ചെയ്യുമെന്ന് ഇന്ത്യൻ എംബസ്സി
ദോഹ: ഖത്തറിൽ മരണപ്പെട്ട ഇന്ത്യൻ പ്രവാസിയുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായത് ചെയ്യുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇരുപത്തിയൊമ്പത് വയസ്സ് പ്രായമുള്ള ഇന്ത്യക്കാരനായ അഭിഷേക് സർണ എന്ന യുവാവാണ് ജൂണ് രണ്ടാം തീയതി ഖത്തറിൽ മരണപ്പെട്ടത്. ഖത്തർ എയർവെയ്സ് ക്യൂ.ആർ 0548 വിമാനത്തിൽ വച്ച് ബോധരഹിതനായി കാണപ്പെട്ട യുവാവിനെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില് മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് @Ramanrescueteam എന്ന ട്വിറ്റർ പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിന് മറുപടിയായാണ് ഇന്ത്യൻ എംബസ്സി പ്രതികരിച്ചത്. നടപടികൾ വേഗത്തിലാക്കണമെന്നു ആവശ്യപ്പെട്ട് വേറെയും ധാരാളം പേർ ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു.
മരണപ്പെട്ട യുവാവിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായും ഇക്കാര്യത്തിൽ വേണ്ടതെല്ലാം ചെയ്യുമെന്നും എംബസി ട്വിറ്റർ പേജിൽ അറിയിച്ചു. മരണപ്പെട്ട അഭിഷേക് സർണ പഞ്ചാബ് കപൂർത്തല സ്വദേശിയാണ്.
Embassy is in touch with the family members and doing the needful as per their wishes.
— India in Qatar (@IndEmbDoha) June 5, 2021