2024 ജൂലൈ ഹമദ് എയർപോർട്ടിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസം, 4.73 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി
4.73 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകിയ 2024 ജൂലൈ തങ്ങളുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും തിരക്കേറിയ മാസമാണെന്ന് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (DOH) പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 10.2% വർധനവാണ്. കൂടാതെ ഒരു പ്രധാന ഗ്ലോബൽ ട്രാവൽ ഡെസ്റ്റിനേഷൻ എന്ന നിലയിൽ വിമാനത്താവളത്തിൻ്റെ ശക്തമായ സ്ഥാനവും ഇതിലൂടെ വ്യക്തമാകുന്നു.
പല ഘടകങ്ങളും ഈ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. വേനൽക്കാലത്തെ യാത്രാ തിരക്ക് നേരിടാൻ എയർലൈനുകൾ അവരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ വർദ്ധിപ്പിക്കുകയും ഖത്തർ എയർവേസ് കൂടുതൽ ലക്ഷ്യസ്ഥാനങ്ങളും സീസണൽ ഫ്ലൈറ്റുകളും ചേർക്കുകയും ചെയ്‌തിരുന്നു. തൽഫലമായി, വിമാനങ്ങളുടെ എണ്ണം മുൻ മാസത്തെ അപേക്ഷിച്ച് 3.9% വർദ്ധിച്ചു.
ഫ്ലൈറ്റുകൾ എത്രമാത്രം നിറഞ്ഞിരുന്നുവെന്ന് കാണിക്കുന്ന ലോഡ് ഫാക്ടർ, 82.8% എത്തി, ഇതിൽ നിന്നും ഫ്‌ളൈറ്റുകൾ വളരെ തിരക്കേറിയതായിരുന്നു എന്ന് വ്യക്തമാണ്. 4.5 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകിയ 2024 ജനുവരിയാണ് ഇതിനു മുൻപ് ഏറ്റവും തിരക്കേറിയ മാസമെന്ന റെക്കോർഡ് സ്ഥാപിച്ചിരുന്നത്.
ജൂലൈയിൽ, ലണ്ടൻ, ബാങ്കോക്ക്, ദുബായ്, റിയാദ്, ജിദ്ദ എന്നിവയായിരുന്നു ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങൾ. ഇന്ത്യ, യുഎസ്എ, യുകെ, സൗദി അറേബ്യ, യുഎഇ എന്നിവയായിരുന്നു സേവനം നൽകിയ രാജ്യങ്ങളിൽ മുൻനിരയിലുള്ളത്.