ഖത്തറിൽ താമസിക്കുന്ന മലയാളി യുവതിക്ക് സംഗീതലോകത്തെ ഏറ്റവുമുയർന്ന പുരസ്‌കാരമായ ഗ്രാമി അവാർഡിന് നാമനിർദ്ദേശം ലഭിച്ചു
ഗാനരചയിതാവ്, സംഗീതസംവിധായക എന്നീ നിലകളിൽ 2025ലെ ഗ്രാമി അവാർഡിന് ഖത്തറിൽ താമസിക്കുന്ന മലയാളി യുവതിയായ ഗായത്രി കരുണാകർ മേനോൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 67-ാമത് ഗ്രാമി അവാർഡുകളിൽ “ആൽബം ഓഫ് ദ ഇയർ” പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് പേരിൽ ഒരാളായ സെഡിൻ്റെ (ആൻ്റൺ സസ്ലാവ്സ്കി) 2024ലെ ആൽബമായ ടെലോസിലാണ് അവർ സഹകരിച്ചു പ്രവർത്തിച്ചത്. അവാർഡ് ദാന ചടങ്ങ് 2025 ഫെബ്രുവരി 2-ന് ലോസ് ഏഞ്ചൽസിലെ Crypto.com Arena അരീനയിൽ വെച്ച് നടക്കും. CBS തത്സമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി Paramount+ ആണ് ലൈവ്സ്ട്രീം ചെയ്യുന്നത്.
ഔട്ട് ഓഫ് ടൈം, ടാംഗറിൻ റേസ് എന്നീ രണ്ട് ഗാനങ്ങളാണ് ഗായത്രി ഈ ആൽബത്തിൽ എഴുതിയത്. രണ്ട് ഗാനങ്ങളും സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്ക് എന്നിവയിൽ ലഭ്യമാണ്. ഡാൻസ്/ഇലക്ട്രോണിക്ക് മ്യൂസിക്ക് എന്ന വിഭാഗത്തിലാണ് ഗായത്രിയുടെ സൃഷ്‌ടികൾ നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ‘ഔട്ട് ഓഫ് ടൈം’ എന്ന ഗാനം ഗായത്രി, സെഡ്, അവ ബ്രിഗ്നോൾ, ബീ മില്ലർ എന്നിവർ ചേർന്നെഴുതിയപ്പോൾ ‘ടാംഗറിൻ റേസ്’ എന്ന ഗാനം എഴുതിയത് ഗായത്രി, സെഡ്, ബീ മില്ലർ, എല്ലിസ് റോബർട്ട് മക്കേ ലോറി, ജോർജ്ജ് കു എന്നിവരാണ്.
അന്തിമ ഗ്രാമി വോട്ടിംഗ് 2024 ഡിസംബർ 12 മുതൽ 2025 ജനുവരി 3 വരെ നടക്കും. കലാകാരന്മാർ, നിർമ്മാതാക്കൾ, ഗാനരചയിതാക്കൾ, എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ റെക്കോർഡിംഗ് അക്കാദമിയിലെ അംഗങ്ങളാണ് വിജയികളെ തീരുമാനിക്കുന്നത്. ഇംഗ്ലീഷ് മ്യൂസിക്ക് വിഭാഗത്തിൽ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായിരിക്കും ഗായത്രിയെന്നാണ് പിതാവായ കരുണാകര മേനോൻ വിശ്വസിക്കുന്നത്.
ബെർക്‌ലീ ഇന്ത്യൻ എൻസെംബിളിൻ്റെ ‘ശുരുആത്ത്’ ആൽബത്തിലെ വോക്കലിൽ ഉണ്ടായിരുന്ന ഗായത്രി കഴിഞ്ഞ വർഷം ഗ്ലോബൽ മ്യൂസിക് ആൽബം വിഭാഗത്തിൽ ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ദോഹയിലെ ബിർള പബ്ലിക് സ്‌കൂളിൽ രജിസ്റ്റർ ചെയ്‌ത ആദ്യത്തെ വിദ്യാർത്ഥിനി കൂടിയാണ് ഗായത്രി. അവിടെ 2015-2016ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ അവർ പിന്നീട് ആന്ധ്രാപ്രദേശിലെ പീപ്പൽ ഗ്രോവ് സ്‌കൂളിലാണ് പഠിച്ചത്. അതിനു ശേഷം ബോസ്റ്റണിലെ ബെർക്ലീ കോളേജ് ഓഫ് മ്യൂസിക്കിൽ അവർ ഓണേഴ്‌സ് പൂർത്തിയാക്കുകയും ചെയ്‌തു.
ഗായത്രിയുടെ അച്ഛൻ കരുണാകർ മേനോൻ ഒരു ബിസിനസ് മാനേജരും ഗായകനും സ്പോർട്ട്സ് അനലിസ്റ്റുമാണ്. അമ്മ ബിന്ദു കരുണാകർ ഒരു സംരംഭകയും നാടക കലാകാരിയും സാംസ്‌കാരിക പ്രവർത്തകയുമാണ്. ഇളയ സഹോദരി ഗൗരി കരുണാകർ മേനോൻ പീപ്പൽ ഗ്രോവ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.