BusinessQatar

ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ നേതൃത്വ പാഠശാല സംഘടിപ്പിച്ചു

മിഡിൽ ഈസ്റ്റിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച ‘ഫോക്കസ് ഓണ്‍ ലീഡ്’, ലീഡര്‍ഷിപ്പ് വര്‍ക്ക് ഷോപ്പ് നേതൃപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ സെഷനുകള്‍ കൊണ്ടും ശ്രദ്ധേയമായി. സൽവാ റോഡിലെ സൈത്തൂൻ റെസ്റ്റോറന്‍റിൽ വെച്ച് നടന്ന പരിപാടി ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐസിബിഎഫ്) പ്രസിഡണ്ടുമായ ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ യുവാക്കളുടെ ഇടപെടൽ നിർണായകമാണ് എന്ന് അദ്ദേഹം ഓർമ്മിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസി യുവതലമുറയെ മുന്നിട്ടിറക്കുന്നതിൽ സംഘടനാ നേതാക്കൾ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലീഡിങ് വിത്ത് എ പർപ്പസ്” എന്ന വിഷയത്തില്‍ കെയര്‍ ആന്‍റ് ക്യുവര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എച്ച് ആർ മാനേജർ ഫൈസൽ അബൂബക്കർ ക്ലാസെടുത്തു. നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങൾ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു. ഒരു നല്ല നേതാവ് എപ്പോഴും തന്‍റെ വ്യക്തിത്വ വികാസത്തെ കുറിച്ചും അത് തന്‍റെ കൂടെ ഉള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നും വിലയിരുത്തി കൊണ്ടേയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഒരു യഥാർത്ഥ നേതാവ് ആട്ടിടയനെ പോലെ ആയിരിക്കണം, മുന്നിൽ നിന്ന് നയിക്കുന്നതിനേക്കാൾ പിന്നിൽ നടന്ന് വഴിതെളിക്കുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം ഉണർത്തി.

ഉരീദൂ വര്‍ക് ഫോഴ്സ് പ്ലാനിംഗ് സ്പെഷ്യലിസ്റ്റും മുന്‍ ഫോക്കസ് സി ഇ ഒ കൂടിയായിരുന്ന അഷ്ഹദ് ഫൈസി “ടീം സിനെർജി” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഒരു നല്ല ടീം ഉണ്ടാകുവാൻ ഏറ്റവും അനിവാര്യം അതിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധമാണ്. മനസ്സു തുറന്ന സംസാരവും, പരസ്പര സ്നേഹവും സുഹൃദ് ബന്ധങ്ങളിലെ അനിവാര്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. സംസാരങ്ങൾക്കിടയിൽ നാം പങ്കു വെക്കുന്ന നിസ്സാര വിഷയങ്ങൾ പോലും വ്യക്തിബന്ധങ്ങൾ വളരാൻ വലിയ സഹായമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേതാവ്, നേതൃത്വം, ഇസ്ലാമിക കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ ഫോക്കസ് മുൻ അഡ്മിൻ മാനേജർ ഹമദ് ബിൻ സിദ്ദീഖ് സംസാരിച്ചു. തനിക്കു ശേഷം മിടുക്കരായ പുതിയ നേതാക്കളെ വാർത്തെടുക്കുന്നവരാണ് യഥാർത്ഥ നേതൃത്വം. ചരിത്രത്തിലെ പാഠങ്ങളിലും സമകാലിക വിഷയങ്ങളിലും ആധുനിക കാലത്തെ നേതൃത്വം എന്നും അപ്ഡേറ്റഡ് ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ഫോക്കസ് അംഗങ്ങൾക്ക് വേണ്ടിയുള്ള റിയാദ പ്രിവിലേജ് കാർഡ് റിയാദ മെഡിക്കൽ സെന്‍റർ മാനേജിങ് ഡയറക്ടർ ജംഷീർ പ്രകാശനം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും റിയാദ മെഡിക്കൽ സെന്‍ററിന്‍റെ ഹെൽത്ത് കിറ്റ് ഉപഹാരമായി നൽകുകയും ചെയ്തു.

ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ ഡെപ്യൂട്ടി സി ഇ ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സി ഒ ഒ അമീര്‍ ഷാജി, ഫാഇസ് എളയോടന്‍, ഫസലുര്‍റഹ്മാന്‍ മദനി എന്നിവര്‍ സംസാരിച്ചു. അഡ്മിൻ മാനേജർ ഡോ റസീൽ മൊയ്‌ദീൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ മൊയ്ദീന്‍ ഷാ, ആഷിഖ് ബേപ്പൂർ, അമീനുര്‍റഹ്മാന്‍ എ എസ്, ഹാഫിസ് ഷബീർ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button