ദോഹ: പ്രഥമ ഫിഫ അറബ് കപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അൽ ഖോറിലെ അൽ ബയാത്ത് സ്റ്റേഡിയത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി നിർവഹിച്ചു. വിവിധ അറബ് രാജ്യങ്ങളിലെ ഉന്നതരുൾപ്പടെ ചടങ്ങിന് സാക്ഷിയായി. വർണാഭമായ ആഘോഷങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് സ്റ്റേഡിയം ഉദ്ഘാടന പരിപാടികളെ വരവേറ്റത്. അറബ് ഐക്യത്തെ പ്രതിഫലിപ്പിച്ചു വിവിധ അറേബ്യൻ കലാകാരൻമാരുടെ സ്‌കിറ്റോടെയാണ് പരിപാടികൾ തുടങ്ങിയത്.
പത്തുമിനിറ്റ് ദൈർഘ്യമുള്ള സംഗീത ശില്പത്തിന്റെ സമാപനത്തോടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അറബ് കപ്പിന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. “ഫിഫ അറബ് കപ്പ് 2021 ന്റെ ഉദ്ഘാടനം ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. അറബിക്ക് ദോഹയിലേക്ക് സ്വാഗതം,” അമീറിന്റെ പ്രഖ്യാപനത്തെ ജനാരവം ഒന്നടങ്കം കയ്യടിയോടെ സ്വീകരിച്ചു. ഫിഫ ചീഫ് ജിയാനി ഇൻഫാന്റിനോ അറബിയിൽ സ്വാഗത സന്ദേശം നൽകി.
22 അറബ് ലീഗ് രാജ്യങ്ങളുടെ ദേശീയഗാനങ്ങൾ ഒരു ട്രാക്കിലേക്ക് സംയോജിപ്പിച്ച് മനോഹരമായ ആലാപനത്തോടെ ചടങ്ങ് അവസാനിച്ചു. ശേഷം ഖത്തർ ദേശീയ ടീം ബഹ്‌റൈനുമായുള്ള മത്സരത്തിന് കിക്കോഫായി.
ഉദ്ഘാടന മഹാമഹം ഖത്തറിന്റെ സാങ്കേതിക സൗന്ദര്യത്തിന്റെ പ്രകടനം കൂടിയായി. ലേസർ ഷോകളും വെടിക്കെട്ടുകളും ചേർന്ന് അൽ ബയാത്തിനെ അക്ഷരാർത്ഥത്തിൽ വിസ്മയ നഗരിയാക്കി.
ലെബനൻ പ്രസിഡന്റ് മൈക്കൽ ഔൺ, പലസ്തീൻ അതോറിറ്റി നേതാവ് മഹ്മൂദ് അബ്ബാസ്, ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, ജിബൂട്ടി പ്രസിഡന്റ് എന്നിവരുൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.