ഇന്ത്യയുടെ പുതിയ യാത്രാ നിബന്ധനകൾ പ്രാബല്യത്തിൽ: ഖത്തറിൽ നിന്നുൾപ്പടെയുള്ളവർ ശ്രദ്ധിക്കേണ്ടത്
ന്യൂഡൽഹി: ഒമിക്രോൺ ഭീഷണിയെത്തുടർന്ന്, ഇന്ത്യ വരുത്തിയ രാജ്യാന്തര യാത്രാ നിബന്ധനകളിലെ മാറ്റം ഡിസംബർ 1, ഇന്ന് മുതൽ പ്രാബല്യത്തിലായി. ഇത് പ്രകാരം, ഒമിക്രോൺ ഭീഷണി ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഉൾപ്പെടെ പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഖത്തർ അടക്കമുള്ള റിസ്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു:
● -യാത്രയ്ക്ക് മുൻപ് എയർ സുവിധ പോർട്ടലിൽ (https://www.newdelhiairport.in/airsuvidha/apho-registration) സത്യവാങ്മൂലം നൽകുക; കഴിഞ്ഞ രണ്ടാഴ്ച്ചത്തെ യാത്രാവിവരം നൽകുക.
-72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ഫലം അപ്ലോഡ് ചെയ്യുക. ഈ ഫലം കയ്യിൽ കരുതുക. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല.
-അപ്ലോഡ് ചെയ്ത വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും
● തെർമൽ സ്ക്രീനിംഗിന് ശേഷം കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ വിമാനത്തിൽ അനുവദിക്കൂ.
● ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.
● ഇന്ത്യയിൽ എത്തിയ ശേഷം വിമാനത്താവളത്തിൽ വച്ച്, വന്ന വിമാനത്തിൽ നിന്ന് റാൻഡം ആയി തിരഞ്ഞെടുക്കുന്ന (വ്യത്യസ്ത രാജ്യങ്ങൾക്ക് മുൻഗണന നൽകും) 5% പേരെ ആർട്ടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. ബാക്കിയുള്ളവർക്ക് വീട്ടിലേക്ക് മടങ്ങാം.
● 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. ഇക്കാലയളവിൽ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
ഒമിക്രോൺ ഭീഷണി പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ എല്ലാവരും തന്നെ, വിമാനത്താവളത്തിലെത്തിയ ശേഷം നിർബന്ധിത ആർട്ടിപിസിആർ ടെസ്റ്റിന് സ്വന്തം ചെലവിൽ വിധേയമാകണം. ഫലം നെഗറ്റീവ് ആണെങ്കിലും 7 ദിവസം നിർബന്ധിത ക്വാറന്റീനിൽ പോകണം. എട്ടാം ദിവസം വീണ്ടും ആർട്ടിപിസിആർ ചെയ്‌ത ശേഷം 7 ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണം.
നിലവിൽ ഒമിക്രോൺ റിസ്ക് പട്ടികയിലുള്ള രാജ്യങ്ങൾ:
- യുകെ ഉൾപ്പെടെ എല്ലാ യൂറോപ്യൻ രാജ്യങ്ങളും
- ദക്ഷിണാഫ്രിക്ക
- ബ്രസീൽ
- ബോട്സ്വാന
- ചൈന
- മൗറീഷ്യസ്
- ന്യൂസിലാൻഡ്
- സിംബാബ്‌വെ
- സിംഗപ്പൂർ
- ഹോങ്കോംഗ്
- ഇസ്രായേൽ