
ദോഹ: ഖത്തറിലെ തൊഴിൽ വിപണിയിൽ നിയമനം വർധിച്ചതോടെ, ഉദ്യോഗാർത്ഥികൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്. രാജ്യത്തെ നിയമന പ്രവർത്തനത്തിലെ ഉയർച്ചയോടെ, വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ വ്യാപനവും കൂടുന്നു. ഇത് ഖത്തറിൽ മാത്രമല്ല, മേഖലയിലുടനീളം വളരെക്കാലമായി ഒരു പ്രശ്നമാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
“നിർഭാഗ്യവശാൽ ഒരു വ്യാജ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വളരെ എളുപ്പമായിരിക്കുന്നു. പ്രത്യേകിച്ചും വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഓൺലൈൻ പഠന രീതി വ്യാപകമായതോടെ. എന്നിരുന്നാലും, ഔദ്യോഗിക രേഖകളിൽ പോലും കൃത്രിമം കാണിക്കുന്ന വ്യക്തികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഖത്തർ അധികൃതർ വ്യവസ്ഥ ചെയ്തിട്ടുണ്ട്,” മാനേജ്മെന്റ് സൊല്യൂഷൻസ് ഇന്റർനാഷണലിന്റെ (എംഎസ്ഐ) റീജിയണൽ ബിസിനസ് ഡയറക്ടർ (മെന), ഷാനവാസ് അബ്ദുൾ റഹ്മാൻ പറഞ്ഞു.
ഖത്തറിൽ, ജോലി ലഭിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ച് പിടിക്കപ്പെടുന്ന വ്യക്തികൾക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരു സാങ്കേതിക വിദഗ്ധൻ പറയുന്നതനുസരിച്ച്, അപേക്ഷകർക്കിടയിലെ തട്ടിപ്പ് രേഖകൾ കണ്ടെത്തുന്നതിന് ബിസിനസ്സുകൾക്ക് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാവും.
“ആളുകൾ അവരുടെ സി.വി വ്യാജമാക്കുന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കമ്പനികളെ ഞങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട്. ബ്ലോക്ക്ചെയിനിന് ധാരാളം ഉപയോഗ സാധ്യതകൾ ഉണ്ട്. അതിൽ സർട്ടിഫിക്കറ്റുകളുടെ മൗലികതയും ഉൾപ്പെടുന്നു. ഇതോടെ ആർക്കും വന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകാനാകില്ല. വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ സുതാര്യത ഉറപ്പാക്കാൻ ഫൈസർ ഞങ്ങളുടെ ക്ലയന്റ് ആയി സഹകരിക്കുന്നത് ഇക്കാരണത്താലാണ്,” ബ്ലോക്ക്‌ചെയിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മിഡിൽ ഈസ്റ്റിന്റെ (BRIME) സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ അലിൻ ദാവൂദ് പറഞ്ഞു.
ഷാനവാസ് അബ്ദുൾ റഹ്മാന്റെ നിർദ്ദേശത്തിൽ, അപേക്ഷകർ അവരുടെ ജോലി കാമ്പെയ്‌നുകളിൽ വിജയിക്കുന്നതിന് രേഖകളിൽ കൃത്രിമം കാണിക്കേണ്ടതില്ല. ജോലി അന്വേഷിക്കുന്നതിന്റെ ഒരു വലിയ വശം നെറ്റ്‌വർക്കിംഗ് ആണ്. ഖത്തറിനുള്ളിൽ നിരവധി നെറ്റ്‌വർക്കിംഗ് അവസരങ്ങളുണ്ട്. ലിങ്ക്ഡ്ഇൻ പോലുള്ളവ കാര്യക്ഷമമായി ഉപയോഗിക്കുന്നതും പ്രയോജനപ്പെടും.