ദോഹ ബാങ്കിൽ ഇനി ‘റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ’
ദോഹ: ദോഹ ബാങ്കിലെ സേവനസാങ്കേതികതയിൽ നിർണായക കാൽവെപ്പായി ഇനി റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സമർത്ഥമായ പ്രയോഗത്തിലുൾപ്പടുന്ന പ്രസ്തുത സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന മേഖലയിലെ ആദ്യത്തെ പ്രയോക്താക്കളിലൊന്നായി മാറുകയാണ് ദോഹ ബാങ്ക്. ഖത്തറിലെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പുകളിലൊന്നായ ദോഹ ബാങ്കിന്റെ പുതിയ ചുവടുവെപ്പും ഉന്നതമായ ഉപഭോക്തൃ സേവനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.
കാര്യക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുകയും ഓപ്പറേഷൻ റിസ്കുകളും മാനുവൽ ജോലികളും വലിയ രീതിയിൽ കുറക്കുകയും ചെയ്യന്നതാണ് റോബോട്ടിക്ക് ഓട്ടോമേഷന്റെ (ആർപിഎ) സാധ്യതകൾ. ഫണ്ട് ട്രാൻസ്ഫർ, റീട്ടെയിൽ ലോൺ അഡ്മിനിസ്‌ട്രേഷൻ, ട്രേഡ് ഫിനാൻസ് എന്നിങ്ങനെ എല്ലാ മേഖലകളിലും ആർപിഎ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് ദോഹ ബാങ്ക് ഒരുങ്ങുന്നത്. ഡാറ്റാ എൻട്രി, ഓണ്ബോർഡിംഗ് പ്രോസസുകൾ, തുടങ്ങിയവയും ഇനി ആർപിഎയുടെ ഭാഗമാകും.
ആദ്യഘട്ടത്തിൽ റൂൾ ബേസ്ഡ് ഓപ്പറേഷനുകൾക്കായി മാത്രം ഡിസൈൻ ചെയ്യപ്പെട്ടെങ്കിലും, പിന്നെ നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗും ഉപയോഗിച്ച് നോളജ് ബേസ്ഡ് പ്രോഗ്രാമിംഗിലൂടെ ആർപിഎ ബോട്ടുകൾക്ക് സ്വയം തീരുമാനം കൈക്കൊള്ളാനുള്ള ശേഷിയിലേക്ക് കൂടി വികസിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ ഏറ്റവും നൂതനമായ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ ഖത്തറിലെ ആദ്യത്തെ പ്രയോക്താക്കളാവുകയാണ് ദോഹ ബാങ്കെന്ന് സിഇഒ ഡോ.ആർ സീതാരാമൻ പറഞ്ഞു. ഏറ്റവും സുതാര്യമായതും കൃത്യമായതുമായ കാര്യ നിർവഹണവും ഉപഭോക്താക്കൾക്ക് ലോകത്തെ ഏറ്റവും മികച്ച നിലവാരത്തിലുള്ള സേവനവും ഉറപ്പുവരുത്താൻ ആർപിഎ സാങ്കേതികവിദ്യക്കാകുമെന്നു ചീഫ് ഓപറേറ്റിംഗ് ഓഫീസർ പീറ്റർ ജോണ് ക്ലാർക്ക് അറിയിച്ചു.