ദോഹ: ഖത്തറിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്. മാസങ്ങൾക്ക് ശേഷം ഇതാദ്യമായി പ്രതിദിന രോഗികൾ 300 ന് മുകളിലെത്തി. 198 പേർക്ക് സാമൂഹ്യവ്യാപനത്തിലൂടെയാണ് രോഗബാധയേറ്റത്. വിദേശത്ത് നിന്നെത്തിയ യാത്രക്കാരിൽ 108 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. നിലവിൽ ഖത്തറിൽ ആകെ രോഗികളുടെ എണ്ണം 2817 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 241 പേർ രോഗമുക്തരായി. ഇന്നലെ നടന്ന 27,603 ടെസ്റ്റുകളിൽ നിന്നാണ് ഈ കണക്കുകൾ. 6287 പേർ ഇതിലാദ്യമായാണ് ടെസ്റ്റിന് വിധേയമാക്കുന്നത്.
ഈദിന് ശേഷം ക്രമാനുഗതമായി ഉയർന്ന ഖത്തറിലെ കോവിഡ് രോഗബാധ നിയന്ത്രവിധേയമാകാതെ തുടരുകയാണ് എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സമീപ ആഴ്ചകളിലായി പ്രതിദിന കോവിഡ് കേസുകൾ 200 ന് മുകളിലോ 200 ന് അടുത്തോ ആയോ തന്നെ തുടർന്നിരുന്നു. അതേസമയം മരണസംഖ്യ (601) മാറ്റമില്ലാതെ പിടിച്ചുനിർത്താനായിട്ടുണ്ട്. ഇന്ന് മാത്രം 12 പേർ ഉൾപ്പെടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 90 ആയി ഉയർന്നു.
23,906 ഡോസ് വാക്സീനാണ് ഇന്ന് വിതരണം ചെയ്തത്. 4,202,478 ഡോസ് ആകെ വാക്സീനുകൾ നൽകി വാക്സിനേഷൻ പ്രക്രിയ അതിന്റെ അവസാനഘട്ടത്തോട് അടുക്കുകയാണ്. വാക്സിനേഷൻ ക്രമാനുഗതമായി പൂർത്തിയാവുമ്പോഴും കേസുകൾ വർധിക്കുന്നത് ആശങ്കജനകമാണെകിലും ഗുരുതരരോഗബാധയിലും മരണസംഖ്യയിലും രേഖപ്പെടുത്തുന്ന കുറവ് ശുഭസൂചനയാണ്.