ലോകത്തിലെ ഏറ്റവും വലിയ ത്രീഡി പ്രിന്റഡ് ‘നിഗൂഢ’ വസ്തു ഖത്തറിലൊരുങ്ങുന്നു
പുനരുപയോഗം ചെയ്ത പൊളിത്തിലീനിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് വസ്തു ഖത്തറിന്റെ ആകാശത്തെ അലങ്കരിക്കാനൊരുങ്ങുന്നു. ഖത്തർ ഫ്രീ സോൺ അതോറിറ്റി, മഷീരിബ് പ്രോപ്പർട്ടീസ്, WOLF ഗ്രൂപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സംരംഭത്തിന് പിന്നിൽ പുനരുപയോഗത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചുമുള്ള സന്ദേശം മുന്നോട്ടു വെക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതേസമയം, നിർമ്മാണം പുരോഗമിക്കുന്ന വസ്തുവിന്റെ രൂപഘടനയെക്കുറിച്ചും മറ്റു സവിശേഷതകളെക്കുറിച്ചുമുള്ള വിവരങ്ങൾ ‘നിഗൂഢ’മായി തുടരുകയാണ്. നവീന മാതൃക പ്രതീക്ഷിക്കുന്ന, ഇതുവരെയും രഹസ്യാത്മകത സൂക്ഷിക്കുന്ന ഒബ്ജക്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് പോളിഷ് ആർക്കിടെക്റ്റ് പ്രിസെമിസ്ലോ മാക് സ്റ്റോപ്പയാണ്. പോളണ്ട് ആസ്ഥാനമായുള്ള കമ്പനിയായ WOLF ഗ്രൂപ്പാണ് 3D-പ്രിന്റിംഗ് നിർവഹിക്കുന്നത്.
സുസ്ഥിര വികസനം വർദ്ധിപ്പിക്കുകയും ഖത്തറിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമിട്ടുള്ള, ‘2030 നാഷണൽ വിഷന്റെ’ ഭാഗമായുള്ളതാണ് ആശയം. “സുസ്ഥിരതയെക്കുറിച്ച് പൊതുവായ മൂല്യങ്ങൾ പങ്കിടുന്ന ഞങ്ങളുടെ പ്രാദേശിക കലാകാരന്മാർക്കും ബിസിനസിനും ഇത് വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” മഷീരിബ് പ്രോപ്പർട്ടീസ് ആക്ടിംഗ് സിഇഒ അലി അൽ കുവാരി പറഞ്ഞു.
ഡിസൈനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഖത്തറിലേക്ക് ലോകം കണ്ണുനട്ടിരിക്കുന്ന 2022 ഫിഫ വേൾഡ് കപ്പ് സീസണിലേക്ക് വസ്തു പ്രദർശനയോഗ്യമാക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. അതേസമയം, ഖത്തറിലെ ആദ്യത്തെ 3 ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ എംഷെയെരിബ് ഡൗൺടൗണിൽ നിർമ്മാണഘട്ടത്തിലുമാണ്.