കൊറോണ വൈറസിന്റെ കൂടുതൽ അപകടകാരിയായ ഡെൽറ്റ വകഭേദം ഖത്തറിൽ കണ്ടെത്തിയതായി ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസൽമാനി അറിയിച്ചു. എന്നാൽ ഉയർന്ന വാക്സിനേഷൻ നിരക്ക് ഖത്തറിന്റെ സാമൂഹ്യ പ്രതിരോധ ശേഷി വലിയ രീതിയിൽ വർധിപ്പിച്ചതായും അത് വരെയും ഡെൽറ്റ വകഭേദത്തിന്റെ വരവ് വൈകിപ്പിക്കുന്നതിൽ രാജ്യം വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
“ഈ വർഷം ഫെബ്രുവരിയിൽ ലോകത്ത് കണ്ടെത്തിയ ഡെൽറ്റ വേരിയന്റ് ഏറെ മാസങ്ങൾക്ക് ശേഷമാണ് ഖത്തറിലെത്തുന്നത്. ഈ വൈകൽ-കാലയളവ് കൊണ്ട്, ഖത്തറിൽ 12 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 85 ശതമാനം പേരും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇതൊരു വലിയ സംഖ്യ തന്നെയാണ്. അത് സമൂഹത്തിന് മികച്ച പ്രതിരോധം തന്നെയാണ് നൽകിയിരിക്കുന്നത്”, ഖത്തർ ടിവിയുമായുള്ള പ്രതിവാര കോവിഡ് അവലോകന അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സമീപദിവസങ്ങളിൽ ഖത്തറിൽ കൊവിഡ് കേസുകൾ ഉയരുകയാണെന്നും ഈ സാഹചര്യത്തിൽ നാലാം ഘട്ട ഇളവുകളിലേക്ക് പോകുന്നത് ശാസ്ത്രീയമായി യുക്തിരഹിതമാണെന്നും, ആയതിനാൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ഘട്ടങ്ങളിലെ നിയന്ത്രണങ്ങൾ തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം, കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഖത്തറിൽ രോഗമുക്തരെക്കാൾ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1944 ലേക്ക് ഉയരാൻ കാരണമായി. ഒരാഴ്ച്ചക്കുള്ളിൽ രോഗമുക്തരായവരുടെ എണ്ണം കുറച്ചാൽ ആക്റ്റീവ് കേസുകളിൽ 282-ഓളം വർധനവ് ഉണ്ടായി. ഇന്നലെ നടന്ന 20120 പരിശോധനകളിലായി 48 യാത്രക്കാർ ഉൾപ്പെടെ 150 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 22-ഓളം പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആകെ മരണസംഖ്യ (601) യിൽ വർധനവില്ല.