HealthQatar

യാത്രക്കാരെ ഉൾപ്പെടെ താളം തെറ്റിച്ച് ഖത്തറിൽ പിസിആർ ക്ലിനിക്കുകളിൽ വൻ തിരക്ക്

ദോഹ: ഖത്തറിലെ ക്ലിനിക്കുകളിൽ രാജ്യത്തുടനീളം പിസിആർ ടെസ്റ്റുകൾക്ക് വമ്പൻ തിരക്ക്. പരിശോധനാ ഫലങ്ങൾ വൈകുന്നതിനാൽ പലരും യാത്രാ പ്ലാനുകൾ മാറ്റുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 

പുലർച്ചെ 5 മണിക്ക് ഒരു സ്വകാര്യ ക്ലിനിക്കിൽ എത്തിയാൽ പോലും 7 മണിയിലേക്ക് ഒക്കെയാണ് ടോക്കണുകൾ ലഭ്യമാകുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ക്ലിനിക്കുകളിൽ പരിശോധനയ്‌ക്കായി ഒരു നിശ്ചിത എണ്ണം സ്ലോട്ടുകൾ ഉണ്ട്. അത് രാവിലെ തന്നെ അവസാനിക്കും. പിന്നീട് നോക്കുകയേ വേണ്ട.

ചില ഡ്രൈവ്-ത്രൂ സെന്ററുകളിൽ പോലും വൻതോതിലുള്ള വാഹനങ്ങൾ സ്വാബ് പരിശോധനയ്ക്കായി കാത്തുകിടക്കുന്ന നിലയാണ് ഉള്ളത്. 2 ദിവസമായി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം വാഹനങ്ങളുടെ നിരയാണ് ടെസ്റ്റ് സെന്ററുകളുടെ മുന്നിലെന്ന് ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പം കുറിച്ചു.

പരിശോധനാ ഫലങ്ങൾ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കുമെന്നും ചില സന്ദർഭങ്ങളിൽ 48 മണിക്കൂറിൽ കൂടുതൽ സമയമെടുക്കുമെന്നും മിക്ക ക്ലിനിക്കുകളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.  48 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കേണ്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് യാത്ര ക്യാൻസൽ ചെയ്യുകയല്ലാതെ വഴിയില്ല.

“കഴിഞ്ഞ രണ്ടാഴ്ച മുതൽ RT-PCR റിപ്പോർട്ടുകൾ കൃത്യസമയത്ത് ലഭിക്കുന്നതിന് കാലതാമസമുണ്ട്, ഇത് 36 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ എടുത്തിട്ടുണ്ട്, ചില കേസുകൾക്ക് 70 മണിക്കൂർ പോലും എടുത്തിട്ടുണ്ട്.  അതിനാൽ, യാത്രാ ആവശ്യങ്ങൾക്കായി ഞങ്ങളുടെ ക്ലിനിക്കിൽ ടെസ്റ്റ് നടത്തുന്നത് നിങ്ങളുടെ വിവേചനാധികാരമാണ്. യാത്രയ്‌ക്കായി റിപ്പോർട്ടു ചെയ്യുന്നതിലെ ഏത് കാലതാമസവും നിങ്ങളുടെ റിസ്കിൽ മാത്രമായിരിക്കും, ”ഒരു സ്വകാര്യ ക്ലിനിക്ക് അറിയിച്ചു.

കൃത്യസമയത്ത് പരിശോധന നടത്താൻ കഴിയാത്തതിനാൽ യാത്രാ തീയതി മാറ്റിയതായി വിവിധ യാത്രക്കാർ പറയുന്നു. യാത്രാ മാറ്റങ്ങളിലെ പണച്ചെലവും മറ്റു നിർബന്ധങ്ങളും കണക്കിലെടുത്ത് യാത്രക്കാർക്ക് ടെസ്റ്റുകളിൽ മുൻഗണന നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പരിശോധനാഫലം ലഭിക്കാൻ ക്ലിനിക്കിൽ എത്തേണ്ടത് നിർബന്ധമായതിനാൽ, പല ക്ലിനിക്കുകളിലും ടെസ്റ്റ് റിസൾട്ട് ലഭിക്കാനും നീണ്ട വരികൾ ദൃശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button