ഫോം സ്പ്രേ തളിച്ച സംഭവം: കൗമാരക്കാരെ അറസ്റ്റ് ചെയ്തു; മുന്നറിയിപ്പ്!
ദോഹ: പൊതുസ്ഥലത്തു കൂടി നടക്കുന്ന ഒരു കുടുംബത്തിന് നേരെ ഫോം സ്പ്രേ തളിച്ച സംഭവത്തിൽ, കുറ്റക്കാരായ ആണ്കുട്ടികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. പ്രതികൾ 12നും 15നും ഇടയിൽ പ്രായമുള്ള കൗമാരക്കാരാണ്. അതു കണക്കിലെടുത്ത് പേരുകളോ യാതൊരു വിവരങ്ങളോ വെളിപ്പെടുത്തുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം കേസുകളിലെ നടപടികൾ പൂർത്തിയാക്കാൻ പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്യും.
ഇത്തരം പ്രവർത്തികൾ ഖത്തറിൽ അതിക്രമമായും സ്വൈര്യ ലംഘനമായുമാണ് കാണുന്നത്. സാമൂഹ്യ സുരക്ഷയെ ബാധിക്കുന്ന ഒരു പ്രവർത്തിക്കെതിരെയും നടപടിയെടുക്കാൻ മടിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭാവിയിൽ സമാന പ്രവൃത്തികൾ തടയാൻ പ്രതികളുടെ പേരും ചിത്രവുമുൾപ്പടെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Boys from viral video arrested for spraying foam on family#Qatar https://t.co/sDTTg0L07Q
— The Peninsula Qatar (@PeninsulaQatar) December 22, 2021
ഖത്തർ നാഷണൽ ഡേയുടെ ആഘോഷങ്ങളിൽ ഏർപ്പെട്ട ഏതാനും കൗമാരക്കാർ ഒരു റോഡിൽ നടന്ന് പോകുന്ന കുടുംബത്തിന് നേരെ സ്‌നോ സ്‌പ്രേ പ്രയോഗിക്കുന്ന വിഡിയോയാണ് വൈറലായത്. തുടർന്ന്, ഖത്തരി മൂല്യങ്ങൾ ലംഘിക്കുന്നതായും ആഘോഷങ്ങൾ അതിരുവിടുന്നതായും സമാനമായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയും സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾ ഉയരുകയായിരുന്നു.