സ്റ്റാർട്ടപ്പുകൾക്കായി സൗജന്യ വെബ്‌സൈറ്റുകൾ നൽകാൻ ‘ബെദയ’, രജിസ്‌ട്രേഷൻ ഞായറാഴ്ച്ച വരെ

ദോഹ: ഖത്തർ ഡെവലപ്‌മെന്റ് ബാങ്കിന്റെയും സിലാടെക്കിന്റെയും സംയുക്ത സംരംഭമായ ‘ബെദയ സെന്റർ ഫോർ എന്റർപ്രണർഷിപ്പ് ആൻഡ് കരിയർ ഡെവലപ്‌മെന്റ്’ (ബേദയ സെന്റർ) ന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾക്ക് സൗജന്യ വെബ്‌സൈറ്റ് നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇ-കൊമേഴ്‌സ്, ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേയായ “ഫട്ടോറ” യുമായി സഹകരിച്ചുള്ള പദ്ധതിയിൽ സൗജന്യമായി വാഗ്ദാനം ചെയ്യുന്ന 10 വെബ്‌സൈറ്റുകളിൽ ഒന്ന് സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുക.

രജിസ്ട്രേഷന്റെയും അപേക്ഷാ പ്രക്രിയയുടെയും അവസാന ദിവസം 2021 ഒക്‌ടോബർ 31 ഞായറാഴ്‌ചയാണ് ബെദയ വെബ്‌സൈറ്റ്- www.bedaya.qa.

വാണിജ്യപരമോ ഗൃഹാധിഷ്ഠിതമോ ആയ രജിസ്ട്രേഷനുള്ള സ്റ്റാർട്ടപ്പുകൾ, രണ്ട് വർഷത്തിൽ താഴെയായി ബിസിനസിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്ക് ഇതിൽ ഭാഗമാകാം. മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും പ്രവർത്തിക്കുന്ന ഒരു സമ്പൂർണ്ണ സംയോജിത വെബ്‌സൈറ്റ് സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് പദ്ധതി നൽകുന്നത്.  

ഗൂഗിളിനൊപ്പം വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനുകളുമായി സംയോജിപ്പിക്കുന്നതിനുള്ള സാധ്യത ഉൾപ്പെടെ ആകർഷകവും യൂസർ ഫ്രണ്ട്ലിയുമായ ഇന്റർഫേസ് വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നു.

ട്രെൻഡിംഗ് രീതികൾ ഉപയോഗിച്ച് ഈ സൗകര്യം സ്റ്റാർട്ടപ്പുകളുടെ ഉത്പാദന വിപണന ശേഷി വർദ്ധിപ്പിക്കും.  കൂടാതെ, ഒരു വർഷത്തേക്ക് സൗജന്യമായി നിരവധി ഇലക്ട്രോണിക് പേയ്‌മെന്റ് സൊല്യൂഷനുകളിലൊന്നുമായി വെബ്‌സൈറ്റ് ലിങ്ക് ചെയ്യപ്പെടും. ഡെലിവറി ഓപ്‌ഷനിൽ പേയ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്താൻ സ്റ്റാർട്ടപ്പുകളെ സഹായിക്കും. ഇത് കൂടാതെ, പ്രോജക്ടിന്റെ വെബ്‌സൈറ്റിനായി ഒരു വർഷത്തേക്ക് സൗജന്യമായി ഒരു ഡൊമെയ്‌നും നൽകും.

ഒപ്പം, സ്റ്റാർട്ടപ്പുകൾക്ക് അവരുടെ 25 ഉൽപ്പന്നങ്ങൾ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാനും അവസരം നൽകും.  ബിസിനസ്സിന്റെ സാമ്പത്തിക പ്രകടനം പ്രതിഫലിപ്പിക്കുന്ന ആനുകാലിക റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതും വെബ്‌സൈറ്റിന്റെ സവിശേഷതയാണ്.

Exit mobile version