ഫിഫ അറബ് കപ്പിന്റെ നോക്കൗട്ട് ഘട്ടം ഇന്ന് മുതൽ ആരംഭിക്കും. തുല്യ പ്രധാനികളെങ്കിലും വ്യത്യസ്തതകളുമുള്ള 8 ടീമുകളുടെ അതിനിർണായക പോരാട്ടത്തിനാണ് ടൂർണമെന്റ് ഇനി സാക്ഷ്യം വഹിക്കുക.
ഇന്ന് വൈകിട്ട് 6 ന്, എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ, ഗ്രൂപ്പ് ബി ജേതാക്കളായ ടുണീഷ്യ, ഗ്രൂപ്പ് എ റണ്ണർ അപ്പായ ഒമാനെ നേരിടുന്നതാണ് ക്വാർട്ടറിലെ ആദ്യ മത്സരം. രാത്രി 10 ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എ ജേതാക്കളായ ഖത്തർ, ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തിയ യുഎഇയെ നേരിടുന്നതോടെ ക്വാർട്ടറിൽ തീ പാറും.
തങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഗെയിമുകളിലും 3 ഗൾഫ് രാജ്യങ്ങൾക്കെതിരെ വിജയിച്ച അൽ അന്നാബി അഥവാ ഖത്തറിനെയും ആരാധകരേയും സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന ഗൾഫ് രാഷ്ട്രമായ യുഎഇക്കെതിരെ ഇത് ആവേശപ്പോരാട്ടമാണ്. യുഎഇക്കാകട്ടെ, ഗ്രൂപ്പ് ഘട്ടത്തിലെ പതർച്ചകൾ മായ്ച്ചുകളയാൻ മത്സരം നിർണായകവും കഠിനവുമാണ്.
മറ്റു മത്സരങ്ങളിൽ നാളെ വൈകുന്നേരം 6 മണിക്ക് അൽ ജുനൂബ് സ്‌റ്റേഡിയത്തില്‍ ഈജിപ്ത് ജോര്‍ദാനെയും രാത്രി 10 മണിക്ക് തുമാമ സ്‌റ്റേഡിയത്തില്‍ മൊറോക്കോയും അള്‍ജീരിയയും നേരിടും. ഖത്തറിന് സമാനമായി ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച മറ്റൊരു ഏക ടീം മൊറോക്കോ ആണ്.