ഖത്തറിൽ യുവ മലയാളി വനിതാ ഡോക്ടർ മരണപ്പെട്ടു
ഖത്തറിൽ പ്രവാസി മലയാളി വനിതാ ഡോക്ടർ മരണപെട്ടു. കണ്ണൂർ തലശ്ശേരി മേനപ്പുറം സ്വദേശിയും ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ഡോക്ടറുമായിരുന്ന ഡോ. ഹിബ ഇസ്മയിലാണ് മരണപ്പെട്ടത്. 30 വയസ്സായിരുന്നു. ഖത്തർ ഫൗണ്ടേഷനിൽ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് ഷിനോയ് ഭർത്താവാണ്. മൂന്നാഴ്ച്ച മുമ്പ് ആൺകുഞ്ഞിന് ജന്മം നല്കിയ ഹിബയെ, കഴിഞ്ഞയാഴ്ച്ച പെട്ടെന്നുണ്ടായ തലവേദനയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഹമദ് മെഡിക്കല് കോർപ്പറേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ മസ്തിഷ്കാഘാതമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി. വെന്റിലേറ്ററിൽ ജീവൻ രക്ഷിക്കാനായി ശ്രമം നടന്നുവരുന്നതിനിടെ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ റേഡിയോളജി വിഭാഗത്തിൽ റെസിഡന്റ് ഡോക്ടറായിരുന്നു ഹിബ. പ്രസവത്തിന് ശേഷം അമേരിക്കയിൽ ഉപരിപഠനത്തിനായി പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം തേടിയെടുത്തുന്നത്. വർഷങ്ങളായി ഖത്തറിലുള്ള പ്രവാസി കുടുംബാംഗമാണ്. ഇവിടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യം കൂടിയായിരുന്ന യുവ ഡോക്ടറുടെ മരണം പ്രവാസി സമൂഹത്തിലും സഹപ്രവർത്തകർക്കിടയിലും നടുക്കമുണ്ടാക്കി.
ഖത്തറിലെ സാമൂഹ്യ പ്രവര്ത്തകനും പ്രമുഖ പ്രവാസി കൂട്ടായ്മയായ എം.ഇ.ക്യൂ.ഡബ്ലു.എയുടെ ദീർഘകാല ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി ഇസ്മയിൽ പിതാവും മഹിമാ ഇസ്മായിൽ മാതാവുമാണ്. സഹോദരങ്ങൾ: ഹനാ ഇസ്മാഇൽ, ഹർഷ ഇസ്മായിൽ, ഹനി ഇസ്മായിൽ.