Qatarsports

അറബ് കപ്പ്: അവസാനം വരെ പൊരുതി വീണ് ഖത്തർ; ഫൈനലിൽ അൾജീരിയ-ട്യുണീഷ്യ

ബുധനാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് കണ്ട ഏറ്റവും ആവേശോജ്വലമായ പോരാട്ടത്തിനൊടുവിൽ ഫിഫ അറബ് കപ്പിൽ നിന്ന് ഖത്തർ പുറത്തായി. സ്റ്റോപ്പേജ് ടൈമിൽ വിജയഗോൾ നേടിയ അൾജീരിയക്കെതിരെ 2-1 എന്ന ഗോൾ നിലയിലാണ് അവസാന നിമിഷങ്ങളിലൊന്നിലെ ഖത്തറിന്റെ പതനം. 

ആദ്യ മിനിറ്റു മുതൽ വാശിയും തീവ്രതയും മൂര്ധന്യത്തിലെത്തിയ മത്സരമാണ് കണ്ടത്. ഇരുടീമുകളുടെയും മുന്നേറ്റനിരയും പ്രതിരോധവും ഒരുപോലെ ശക്തമായപ്പോൾ പന്ത് കളം നിറഞ്ഞു. ഇരുടീമുകളും നേരിയ മുൻതൂക്കം നേടാൻ ശ്രമിച്ചെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഗോൾരഹിതമായാണ് ആദ്യപകുതി അവസാനിച്ചത്. 35-ാം മിനിറ്റിലെ ഖത്തറിന്റെ ഗോൾ ശ്രമം അൾജീരിയൻ പ്രതിരോധ നിര നിഷ്ഫലമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അൾജീരിയ ആക്രമണം ശക്തമാക്കിയോടെ അതിഥികൾക്ക് മുന്നിൽ ശ്വാസം മുട്ടുന്ന ഖത്തറിനെയാണ് കണ്ടത്. 59-ാം മിനിറ്റിൽ അൾജീരിയ ആദ്യഗോൾ നേടി ലീഡ് നേടി. തുടർന്ന് സമനില പിടിക്കാൻ വെമ്പിയ ഖത്തറിന് ഏറെ മിനിറ്റുകൾ പന്ത് കയ്യടക്കാൻ സാധിച്ചെങ്കിലും കരുത്തരായ അൾജീരിയക്ക് ഭീഷണിയുയർത്താൻ അത് മതിയായില്ല. വിജയം ഉറപ്പിച്ച അൾജീരിയയെ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ വിറപ്പിച്ച് ഖത്തർ സമനില പിടിച്ചതാണ് കളിയിലെ ഏറ്റവും നാടകീയ നിമിഷം. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് മുണ്ടാരിയുടെ ഹെഡർ ആണ് ഗോളായത്.

എന്നാൽ ഭാഗ്യം ഖത്തറിനെ തുണച്ചില്ല. 90+17-ാം മിനിറ്റിൽ റഫറി അൾജീരിയക്ക് അനുകൂലമായി വിധിച്ച പെനാൽട്ടി കിക്കിൽ റീബൗണ്ട് കിക്ക് ഗോളാക്കി (മുഹമ്മദ് ബെലൈലി) അൾജീരിയ 2-1 ന് വിജയിച്ചു. അവസാന നിമിഷങ്ങൾ വരെയും പോരാടിയ ഖത്തറിന് കനത്ത നിർഭാഗ്യമായെങ്കിലും കരുത്തേറിയ മത്സരത്തിൽ കളിയിലുടനീളം അൾജീരിയ പുലർത്തിയ മികവ് വ്യക്തമാണ്.

ശനിയാഴ്ച നടക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് ഫൈനലിൽ ട്യുണീഷ്യയാണ് അൾജീരിയയുടെ എതിരാളികൾ. ബുധനാഴ്ച വൈകിട്ട് 6 ന് നടന്ന ആദ്യസെമിയിൽ ഈജിപ്തിനെയാണ് ടുണീഷ്യ (0-1) പരാജയപ്പെടുത്തിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button