ദോഹ: ചൊവ്വാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഖത്തറിന്റെ അൽ ദുഹൈലിനെ 3-2ന് സൗദി അറേബ്യയുടെ അൽ നാസർ തകർത്തു.
സൂപ്പര്താരവും ക്യാപ്ടനുമായ റൊണാൾഡൊയുടെ അഭാവത്തിൽ കളിക്കിറങ്ങിയ അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഹാട്രിക് ഗോളുകൾ നേടി വിജയമുറപ്പിച്ചു. ആദ്യ പകുതിയിൽ രണ്ട് അസാമാന്യ ഗോളുകൾ നേടി. രണ്ടാം പകുതിയിൽ അൽ നാസറിനെ ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തിച്ചു – 12 പോയിന്റ്.
സൗദി ലീഗിൽ ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്നും 15 ഗോളുകളും ഒൻപത് അസിസ്റ്റുകളും നേടി മികച്ച ഫോമിലുള്ള റോണോക്ക് ക്ലബ്ബ് വിശ്രമം അനുവദിക്കുകയായിരുന്നു.
ഇരുടീമിലെയും രണ്ട് ബ്രസീലിയൻ താരങ്ങളാണ് ഗോളുകൾ നേടിയതെന്ന പ്രത്യേകതയും മാച്ചിനുണ്ടായി. മത്സരത്തിന്റെ എട്ടാം മിനിട്ടിൽ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ അൽ ദുഹൈൽ ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 27-ാം മിനിട്ടിൽ ടാലിസ്കയിലൂടെ അൽ നസർ മറുപടി ഗോൾ നേടി. 37-ാം മിനിട്ടിൽ ടാലിസ്ക വീണ്ടും ഗോൾ നേടികൊണ്ട് ആദ്യപകുതി പിന്നിട്ടപ്പോൾ 2- 1ന് അൽ നസർ മുന്നിട്ട് നിന്നു.
രണ്ടാം പകുതിയിൽ 65-ാം മിനിട്ടിൽ ടാലിസ്ക ഹാട്രിക് ഗോൾ നേടി. എന്നാൽ 80-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് കുട്ടീഞ്ഞോ അൽ ദുഹൈലിന് വീണ്ടും ലീഡ് നേടി.
36,500-ലധികം ഹോം ഗ്രൗണ്ട് കാണികൾക്ക് മുന്നിലാണ് അൽ ദുഹൈലിന്റെ തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ ശേഷിക്കുമ്പോൾ, ക്രിസ്റ്റോഫ് ഗാൽറ്റിയർ കോച്ച് ചെയ്യുന്ന അൽ ദുഹൈൽ ഇപ്പോൾ ഒരു പോയിന്റുമായി താഴെയാണ്. രണ്ടാം സ്ഥാനക്കാരായ ഇറാന്റെ പെർസെപോളിസിന് (7 പോയിന്റ്) പിന്നിൽ. ഇന്നലെ നേരത്തെ താജിക്കിസ്ഥാന്റെ എഫ്സി ഇസ്തിക്ലോളിനെതിരെ 1-1 സമനില വഴങ്ങി. രണ്ട് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇസ്തിക്ലോൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv