ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക സമിതി പ്രതിരോധ താരം അബ്ദുൽകരീം ഹസനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. അച്ചടക്ക നടപടിയുടെ ഭാഗമായി താരത്തിന്റെ 50% ശമ്പളം വെട്ടിക്കുറയ്ക്കുകയും 200,000QR പിഴ ഈടാക്കുകയും ചെയ്യും.
സ്നാപ്ചാറ്റിലൂടെ ആരാധകരെ പ്രകോപിപ്പിച്ചതിനാണ് ഹസനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി അൽ കാസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്നാപ്ചാറ്റിൽ ഒരു ആരാധകനുമായി അദ്ദേഹം വഴക്കിട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തറിൽ നടന്ന ലോകകപ്പിൽ നിന്ന് ദേശീയ ടീം പുറത്തായതിന് പിന്നാലെ ഒരു ആരാധകൻ ഹസ്സനെ വിമർശിച്ചപ്പോൾ, “വിശ്രമിക്കൂ, ഇത് യുദ്ധമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ” എന്നു താരം പ്രതികരിച്ചു.
ഇതേ തുടർന്ന് ദേശീയ ടീമിന്റെ ആരാധകർ പ്രകോപിതരാവുകയും ഖത്തർ ക്ലബ് അൽ സദ്ദിൽ നിന്ന് ഹസ്സൻ പുറത്താകാൻ കാരണമാകുകയും ചെയ്തു. “വരാനിരിക്കുന്ന കാലയളവിലേക്കുള്ള ടീമിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളുമായി താരത്തിന്റെ കാഴ്ചപ്പാട് പൊരുത്തപ്പെടാത്തതാണ്” ‘വേർപിരിയലിന്’ കാരണമെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ മറ്റ് രണ്ട് ദേശീയ ടീം കളിക്കാരായ ബാസം അൽ-റവി, മുഹമ്മദ് വാദ് എന്നിവർക്കെതിരെയും സമാനമായ അച്ചടക്ക നടപടി പ്രഖ്യാപിച്ചു. സാമ്പത്തിക പിഴയും മുന്നറിയിപ്പിനും പുറമെ രണ്ട് കളിക്കാരുടെയും 50% ശമ്പളം വെട്ടിക്കുറയ്ക്കും. അൽ-റാവിക്ക് 100,000 റിയാൽ പിഴയും വാദിന് 50,000 റിയാലിന്റെ പിഴയുമാണ് വിധിച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB