ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ആരാധകർക്ക് നിർബന്ധിത വാക്സിനേഷനുകൾ ഇല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷൻ യൂണിറ്റ് മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു. എന്നാൽ വാക്സിനുകൾ സ്വീകരിക്കാൻ ശക്തമായി ശുപാർശ ചെയ്യുന്നതായും അവർ പറഞ്ഞു.
“ടൂർണമെന്റ് ശൈത്യകാലത്ത് നടക്കുന്നതിനാൽ, ആളുകൾ അവരുടെ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷനുകളും കോവിഡ് വാക്സിനുകളും എടുക്കാൻ ഞങ്ങൾ വളരെയധികം നിർദ്ദേശിക്കുന്നു.”
ലോകമെമ്പാടുമുള്ള യാത്രയ്ക്കിടയിലും ഫിഫ ലോകകപ്പ് പോലെയുള്ള ബഹുജന സമ്മേളനങ്ങളിലും നിർദ്ദേശിക്കപ്പെടുന്ന മറ്റ് വാക്സിനുകൾ ഉണ്ടാകാം. ഉദാഹരണത്തിന് മെനിഞ്ചൈറ്റിസ് വാക്സിൻ, മീസിൽസ് വാക്സിൻ. എന്നാൽ ഏറ്റവും ശുപാർശ ചെയ്യുന്നത് സീസണൽ ഇൻഫ്ലുവൻസയും കൊവിഡും ആയിരിക്കും, ഡോ അൽ ബയാത്ത് പറഞ്ഞു.
വിദേശികൾ അടക്കം ലോകകപ്പിനായി വരുന്ന എല്ലാ ആരാധകർക്കും ഖത്തറിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള അടിയന്തര ആരോഗ്യ സേവനങ്ങൾ സൗജന്യമായി ആക്സസ് ചെയ്യാനുള്ള അവസരമുണ്ടാകും.
ഖത്തറിലെ എല്ലാ ഫാൻ സോണുകളിലും അതിവേഗ ആന്റിജൻ പരിശോധനയ്ക്കായി കേന്ദ്രങ്ങളും ബൂത്തുകളും സജ്ജീകരിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു, ടൂർണമെന്റിൽ വളരെ താങ്ങാനാവുന്ന ചിലവിൽ ഇത് എല്ലാവർക്കും ലഭ്യമാകും. 28 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കുറഞ്ഞത് 100 സ്വകാര്യ ക്ലിനിക്കുകളിലും റാപ്പിഡ് ആന്റിജൻ പരിശോധന ലഭ്യമാണെന്നും അവർ പറഞ്ഞു.
തിങ്കളാഴ്ച ലോകാരോഗ്യ സംഘടനയുടെ (WHO) വെബിനാറിൽ “മെഗാ കായിക ഇവന്റുകൾ സുരക്ഷിതവും ആരോഗ്യകരവുമാക്കുക” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഡോ.സോഹ.
ലോകകപ്പിന് കോവിഡ്-19 മാത്രമല്ല മറ്റ് രോഗങ്ങളും പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്, ഹോസ്റ്റിംഗ് അവകാശം ലഭിച്ചതുമുതൽ 10 വർഷങ്ങളായി ഞങ്ങൾ ഇതിനായി തയ്യാറെടുക്കുന്നുണ്ട്. കോവിഡ് അതിനെ സഹായിക്കുക മാത്രമാണ് ചെയ്തത്.
ഇതേ ശൈത്യകാലത്ത് കഴിഞ്ഞ വർഷം വൈറൽ ഔട്ട്‌ബ്രേക്കുകൾ ഒന്നും ഉണ്ടാകാതെ നടത്തിയ അറബ് കപ്പ് നൽകിയ ആത്മവിശ്വാസം കൈമുതലാണെന്നും അവർ സൂചിപ്പിച്ചു. പാൻഡെമിക് സമയത്ത് ഇത്തരമൊരു മെഗാ ഇവന്റിന് ആതിഥേയത്വം വഹിക്കാൻ കൂടി കഴിയുമെന്ന് ഖത്തർ തെളിയിക്കുകയാണെന്ന് അവർ പറഞ്ഞു.