ഉപരോധത്തിന് ശേഷം ഇതാദ്യം, സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഖത്തറിൽ
സൗദി അറേബ്യൻ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദ് (എംബിഎസ്) ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഖത്തറിലെത്തും. അമീരി ദിവാനിൽ ഇന്ന് വൈകിട്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി അദ്ദേഹത്തെ സ്വീകരിക്കും.
സൗദി അറേബ്യയുടെ നേതൃത്വത്തിൽ 2017 മുതൽ ഈ വർഷം ജനുവരി വരെ നീണ്ടു നിന്ന ഗൾഫ് രാജ്യങ്ങളുടെ ഖത്തർ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി ഖത്തർ സന്ദർശിക്കുന്നത്. ജനുവരിയിൽ റിയാദിൽ നടന്ന അൽ ഉല പ്രഖ്യാപനത്തിലൂടെ മഞ്ഞുരുകിയ ഗൾഫ് പ്രതിസന്ധിക്ക് ശേഷമുള്ള സൗദി ഭരണത്തലവന്റെ ആദ്യ ഖത്തർ സന്ദർശനം അത് കൊണ്ട് തന്നെ സവിശേഷ നയതന്ത്ര ശ്രദ്ധ വഹിക്കുന്നുണ്ട്.
സൗദിയിൽ നടക്കാനിരിക്കുന്ന വാർഷിക അറബ് സമ്മിറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള എംബിഎസിന്റെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഖത്തറും സന്ദര്ശിക്കുന്നത്. തിങ്കളാഴ്ച ഒമാനിലെത്തിയ എംബിഎസ് ഖത്തറിന് പുറമെ കുവൈറ്റും യുഎഇയും ബഹ്‌റൈനും സന്ദർശിക്കും.
തുർക്കി സഖ്യകക്ഷിയായ ഖത്തറിലേക്കുള്ള പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ സന്ദർശനം ഉൾപ്പെടെ, മറ്റ് നയതന്ത്ര യോഗങ്ങളും മേഖലയിൽ സജീവമാകവേയാണ് എംബിഎസിന്റെ ഗൾഫ് പര്യടനം എന്നതും ശ്രദ്ധേയമാണ്.