ഖത്തറിൽ ‘പ്ലാന്റ് ക്വാറന്റീൻ’; കണ്ടെത്തി നശിപ്പിച്ചത് ഒരു ലക്ഷം കിലോ ഭക്ഷ്യ ഇറക്കുമതികൾ
ഖത്തറിൽ ഇറക്കുമതി ചെയ്ത 105 ടണ്ണോളം സസ്യോത്പന്നങ്ങൾ അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ ഒക്ടോബർ മാസത്തിൽ രാജ്യത്തെ ‘അഗ്രികൾച്ചറൽ ക്വാറന്റിൻ ഓഫീസ്’ നശിപ്പിച്ചു കളഞ്ഞതായി മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാത്ത വസ്തുക്കളാണ് നശിപ്പിച്ചത്.
142,362 ടണ് ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന 5859 കാർഷിക കണ്സൈന്മെന്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ ഇറക്കുമതികൾ കണ്ടെത്തിയത്.
ഖത്തറിലെ ജന്തുജാലങ്ങൾക്കും സസ്യജാലങ്ങൾക്കും വിനാശകരമായ വിദേശ കീടങ്ങളും രോഗങ്ങളും തടയാനായി, ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ‘പ്ലാന്റ് ക്വാറന്റൈനി’ ലാണ് അയോഗ്യമായ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത്.
കാർഷിക കീടങ്ങളിൽ നിന്ന് സസ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധത്തിന്റെ ആദ്യ ഘട്ടമാണ് പ്ലാന്റ് ക്വാറന്റൈനെന്നും രാജ്യത്തിന് പുറത്ത് നിന്നുള്ള കീടബാധയിൽ നിന്ന് രാജ്യത്തെ സസ്യസമ്പത്തിനെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന പ്രതിരോധ നടപടിയാണിതെന്നും മന്ത്രാലയം പറഞ്ഞു.