ഒരു വർഷം നീണ്ടു നിന്ന സംസ്കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം

ദോഹ: ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ ഒരു വർഷത്തിലധികം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. ദോഹയിലെ പ്രശസ്തരായ ചിത്രകാരന്മാർ ഒരുക്കിയ തത്സമയ ചിത്രരചനയോടെയാണ്
സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചത്. സമാപന സമ്മേളനം രാജ്യസഭ അംഗം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു.
സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സംസ്കൃതി രജതജൂബിലി സുവനീറിന്റെ കവർ പേജ് പ്രകാശനം ഡോ. വി. ശിവദാസൻ എം.പി നിർവഹിച്ചു. സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗവും വനിതാവേദി പ്രസിഡന്റുമായ അനിത ശ്രീനാഥിന്റെ “ഇല തിരഞ്ഞ മരം” എന്ന കവിതാ സമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ. വി. ശിവദാസൻ എം.പി പുസ്തകത്തിന്റെ ആദ്യപ്രതി കെ.കെ. ശങ്കരന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
സമ്മേളനത്തിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, സംസ്കൃതി സ്ഥാപക അംഗങ്ങളായ കെ.കെ. ശങ്കരൻ, സമീർ സിദ്ദിഖ്, രഘുരാജ്, പ്രമോദ് ചന്ദ്രൻ, സംസ്കൃതി വനിതാവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിന് ശേഷം സംസ്കൃതിയിലെ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു. നൂറുകണക്കിന് പ്രവർത്തകരും കുടുംബാംഗങ്ങളും സമാപന ചടങ്ങുകളിൽ സാക്ഷികളായി.




