ഇറാനിലേക്കുള്ള വിമാന സർവീസുകൾ ഖത്തറും യുഎഇയും റദ്ദാക്കി

ദോഹ/ദുബായ്: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയ പ്രതിഷേധം മൂന്നാം വാരത്തിലേക്ക് കടന്നതോടെ, ഖത്തറിൽ നിന്നും യുഎഇയിൽ നിന്നുമുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാനിലെ നിലവിലെ അശാന്തിയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ഈ നടപടി.
ദുബായ് എയർപോർട്ട് നൽകുന്ന വിവരങ്ങൾ പ്രകാരം എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നിവ വെള്ളിയാഴ്ച ടെഹ്റാനിലേക്കുള്ള അഞ്ച് സർവീസുകൾ നിർത്തിവെച്ചു. കൂടാതെ ബന്ദർ അബ്ബാസ്, ലാർ, മഷാദ്, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചത്തെ ഷെഡ്യൂളിലും മിക്ക വിമാനങ്ങളും റദ്ദാക്കിയ നിലയിലാണ്.
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വെള്ളിയാഴ്ചത്തെ ഇറാൻ സർവീസുകളും റദ്ദാക്കി. എന്നാൽ ശനിയാഴ്ചത്തെ സർവീസുകൾ നിലവിൽ ഷെഡ്യൂൾ പ്രകാരം തുടരുമെന്നാണ് വിമാനത്താവളത്തിന്റെ വെബ്സൈറ്റ് നൽകുന്ന വിവരം. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തുമെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു.
അതേസമയം, ഇറാന്റെ ഔദ്യോഗിക വിമാനക്കമ്പനികളായ ഇറാൻ എയർ, മഹാൻ എയർ, ഖേഷ്ം എയർ എന്നിവയുടെ സർവീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുന്നുണ്ട്.
ഇറാൻ കറൻസിയായ റിയാലിന്റെ മൂല്യത്തകർച്ചയും വർദ്ധിച്ചു വരുന്ന ജീവിതച്ചെലവും മൂലമുണ്ടായ സാമ്പത്തിക തകർച്ചയിൽ പ്രതിഷേധിച്ചാണ് ഇറാനിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. പ്രക്ഷോഭങ്ങൾ ശക്തമായതോടെ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വിമാന സർവീസുകളെയും ആശയവിനിമയത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.




