
കെട്ടിടങ്ങളിലെ ഡ്രെയിനേജ് സേവനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവും നടപടിക്രമപരവുമായ മാനദണ്ഡങ്ങൾ നിർദേശിക്കുന്ന 1985 ലെ നിയമം നമ്പർ (4) കൃത്യമായി പാലിക്കണമെന്ന് പബ്ലിക് വർക്സ് അതോറിറ്റി ‘അഷ്ഗാൽ’ വീട്ടുടമകളോടും കെട്ടിട നിർമ്മാതാക്കളോടും അഭ്യർത്ഥിച്ചു.
പൊതു ഡ്രെയിനേജ് നെറ്റ്വർക്കുമായി കണക്ഷൻ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ടവർ മുൻകൂട്ടി ഔദ്യോഗിക അപേക്ഷകൾ സമർപ്പിക്കുകയും നിർബന്ധമായ ഫീസുകൾ അടയ്ക്കുകയും ചെയ്യണമെന്ന് അഷ്ഗാൽ വ്യക്തമാക്കി.
കെട്ടിട അനുമതിയിൽ വ്യക്തമാക്കിയ മാനദണ്ഡങ്ങൾക്കും അഷ്ഗാൽ അംഗീകരിച്ച സ്റ്റാൻഡേർഡുകൾക്കും അനുസരിച്ച് മാൻഹോളുകൾ ഉൾപ്പെടെയുള്ള ഡ്രെയിനേജ് സൗകര്യങ്ങൾ കെട്ടിട പരിസരത്തിനുള്ളിൽ തന്നെ സ്ഥാപിക്കേണ്ടതുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
മഴവെള്ളവും ഭൂഗർഭജലവും കെട്ടിടത്തിനുള്ളിലേക്ക് ചോർന്നുകയരുന്നത് തടയുന്നതിനായി ഗ്രൗണ്ട് ഫ്ലോറുകൾ, ബേസ്മെന്റുകൾ, മേൽക്കൂരകൾ എന്നിവയിൽ ഖത്തർ കൺസ്ട്രക്ഷൻ സ്പെസിഫിക്കേഷൻസ് അനുസരിച്ചുള്ള വാട്ടർപ്രൂഫ് ഇൻസുലേഷൻ നിർബന്ധമായി പ്രയോഗിക്കണമെന്നും അറിയിച്ചു.




