ഖത്തർ നാഷണൽ ഡേ മുദ്രാവാക്യം പുറത്തിറക്കി

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി ഈ വർഷത്തെ ദേശീയ ദിനത്തിന്റെ (Qatar National Day) ഔദ്യോഗിക മുദ്രാവാക്യം പുറത്തിറക്കി. ‘ബെകം തഅലു വ മിൻകും തൻ തസീർ’ – രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങൾക്കായി കാത്തിരിക്കുന്നു എന്നാണ് ഈ വർഷത്തെ മുദ്രാവാക്യം.
2016 ൽ ഖത്തർ സർവകലാശാല സന്ദർശന വേളയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി നടത്തിയ പ്രസംഗത്തിൽ നിന്നാണ് ഈ വാചകം എടുത്തിരിക്കുന്നത്.
മനുഷ്യവികസനത്തിൽ നിക്ഷേപിക്കുന്നത് പുരോഗതിയുടെയും സുസ്ഥിരതയുടെയും മൂലക്കല്ലാണെന്ന രാജ്യത്തിന്റെ ദർശനത്തെ ഈ മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നു.
1878 ൽ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായി, എല്ലാ വർഷവും ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനം ആഘോഷിച്ചു വരുന്നത്.
വിശ്വസ്തത, ദേശീയത, ആഴത്തിൽ വേരൂന്നിയ സ്വത്വബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ദർശനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഓരോ വർഷത്തെയും മുദ്രാവാക്യം എന്ന് സംഘാടകസമിതി ഉറപ്പുവരുത്തുന്നു.




