ലോകകപ്പ് യോഗ്യത: ഖത്തർ മത്സരങ്ങളുടെ ടിക്കറ്റുകൾ വിൽപ്പന തുടങ്ങി

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിലെ ഖത്തറിന്റെ വരാനിരിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ ആരാധകർക്ക് വിൽപ്പനക്ക് ലഭ്യമാണെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) അറിയിച്ചു.
മത്സരങ്ങളിൽ, ഒക്ടോബർ 8 ന് ഖത്തർ ഒമാനെയും ഒക്ടോബർ 11 ന് യുഎഇയെയും ഒക്ടോബർ 14 ന് വീണ്ടും യുഎഇയെയും നേരിടും. എല്ലാ മത്സരങ്ങളും ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് നടക്കുക.
ഒമാൻ മത്സരത്തിനുള്ള ഖത്തരി ആരാധകർക്കുള്ള ടിക്കറ്റുകൾ ഇന്ന് (സെപ്റ്റംബർ 29) വിൽപ്പനയ്ക്കെത്തി; യുഎഇ മത്സരത്തിനുള്ള ഒക്ടോബർ 9 ന് റിലീസ് ചെയ്യും.
കാറ്റഗറി 1 ടിക്കറ്റുകളുടെ വില 60 റിയാലും കാറ്റഗറി 2 ടിക്കറ്റുകളുടെ വില 25 റിയാലുമാണ്. ആരാധകർക്ക് ഔദ്യോഗിക വെബ്സൈറ്റ് tickets.qfa.qa വഴി ടിക്കറ്റുകൾ വാങ്ങാം. ഒരാൾക്ക് ആറ് ടിക്കറ്റുകൾ എന്ന പരിധിയുണ്ട്.
സന്ദർശക ആരാധകർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്യുഎഫ്എ സ്ഥിരീകരിച്ചു.
ഒമാനി ആരാധകർക്കുള്ള ടിക്കറ്റുകൾ ഒമാൻ ഫുട്ബോൾ അസോസിയേഷൻ വാങ്ങിയിട്ടുണ്ട്. അവ പ്രാദേശികമായി വിതരണം ചെയ്യും. അതേസമയം ഒക്ടോബർ 11 ന് ദോഹയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന ആരാധകർക്കുള്ള ടിക്കറ്റ് വിതരണം യുഎഇ ഫുട്ബോൾ അസോസിയേഷൻ കൈകാര്യം ചെയ്യും.
സ്റ്റേഡിയങ്ങളിൽ നേരിട്ട് ടിക്കറ്റുകൾ വിൽക്കില്ലെന്നും സുരക്ഷയും സുഗമമായ പ്രവേശനവും ഉറപ്പാക്കാൻ എല്ലാ ആരാധകരും അതത് ഫെഡറേഷനുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങണമെന്നും സംഘാടകർ പറഞ്ഞു.