ഈ വർഷം 105 ഇവന്റുകൾ, ഖത്തർ നാഷണൽ ഡേ സെലിബ്രെഷൻസ് ദർബ് അൽ സായിയിൽ ഡിസംബർ 10 മുതൽ ആരംഭിക്കും
2024 ഖത്തർ നാഷണൽ ഡേ ആഘോഷങ്ങൾ ഉമ്മ് സലാലിലെ ദർബ് അൽ സായിയിൽ ഡിസംബർ 10 മുതൽ ആരംഭിച്ച് ഡിസംബർ 18 വരെ തുടരുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
ഈ വർഷം നിരവധി സാംസ്‌കാരിക, പൈതൃക പരിപാടികൾ ദർബ് അൽ സായിയിൽ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. 15 പ്രധാന പരിപാടികൾ അടങ്ങുന്ന 105 ഇവന്റുകളാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഖത്തറിൻ്റെ സമ്പന്നമായ പൈതൃകവും ഖത്തറി ജനതയുടെ മൂല്യങ്ങളും ഈ പരിപാടികൾ കാണിക്കുന്നുവെന്ന് സാംസ്‌കാരിക കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറിയും ദേശീയ ദിനാഘോഷങ്ങളുടെ ജനറൽ സൂപ്പർവൈസറുമായ ഡോ. ഗാനേം ബിൻ മുബാറക് അൽ അലി പറഞ്ഞു.
പൗരന്മാരും താമസക്കാരും സന്ദർശകരും ഉൾപ്പെടെ എല്ലാവരും ദർബ് അൽ സായിയിലേക്ക് വരാനും നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും വേണ്ടി നടത്തുന്ന വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അൽ അലി ക്ഷണിച്ചു.
ദർബ് അൽ സായിയിലെ ആഘോഷങ്ങളിൽ നിരവധി സാംസ്‌കാരിക, കലാ, പൈതൃക, വിദ്യാഭ്യാസ പരിപാടികൾ ഉൾപ്പെടും. ഒരു പ്രധാന വേദിയിൽ ദിവസേന വിദ്യാഭ്യാസ സാംസ്‌കാരിക മത്സരങ്ങൾ സംഘടിപ്പിക്കും. അവിടെ വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കും.
ദർബ് അൽ സായി എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ലൊക്കേഷൻ 150,000 ചതുരശ്ര മീറ്റർ വലിപ്പമുള്ളതാണ്. കൂടാതെ എല്ലാ സന്ദർശകർക്കും പങ്കെടുക്കുന്നവർക്കും സേവനങ്ങൾ ഉറപ്പു നൽകാൻ 80 ഷോപ്പുകൾ, 30 റെസ്റ്റോറൻ്റുകൾ, കഫേകൾ എന്നിവയും ഉണ്ടാകും.