Qatarsports

60 വേദികൾ, 200 കലാപ്രകടനങ്ങൾ, അറബ് കപ്പ് ആവേശത്തിൽ ഖത്തർ

2021 നവംബർ 30 മുതൽ 2021 ഡിസംബർ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പിനായി 16 ലോക രാജ്യങ്ങൾ ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോൾ രാജ്യത്ത് ആവേശം അലയടിക്കുന്നു. ടൂർണമെന്റ് കാലയളവിൽ ആരാധകർക്കായി നിരവധി സാംസ്കാരിക പരിപാടികളാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (SC) ആസൂത്രണം ചെയ്യുന്നത്.

മത്സരങ്ങളിൽ കാണികളായി പങ്കെടുക്കുന്നവർക്ക് അൽ ബൈത്ത്, അഹമ്മദ് ബിൻ അലി, അൽ ജനൂബ്, അൽ തുമാമ, സ്റ്റേഡിയം 974 എന്നീ അഞ്ച് ടൂർണമെന്റ് വേദികളിൽ മത്സരത്തിന് മുമ്പും ശേഷവും പ്രത്യേക ആക്ടിവേഷൻ ഉണ്ടാകും.

ഖത്തർ, ഈജിപ്ത്, ലെബനൻ, പലസ്തീൻ, മൊറോക്കോ, സുഡാൻ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിറ്റികളുടെ സംഗീതം, നൃത്തം, നാടോടിക്കഥകൾ, മറ്റ് പ്രകടനങ്ങൾ തുടങ്ങിയവ കണ്ടാസ്വദിക്കാനുള്ള അവസരം കാണികൾക്ക് സാധ്യമാകും.

ലാസ്റ്റ് മൈൽ ഏരിയയിലും സ്റ്റേഡിയങ്ങൾക്ക് സമീപമുള്ള മെട്രോ/ബസ് സ്റ്റേഷനുകളിലുമാവും സാംസ്കാരിക പരിപാടികൾക്ക് വേദിയാവുക. 60 വേദികളിലായി മൊത്തം 200 പ്രകടനങ്ങളാണ് ആഘോഷത്തിന് മാറ്റ് കൂട്ടുക.

ടൂർണമെന്റ് വേദികളിൽ നിന്ന് അകലെ, ദോഹ കോർണിഷിലും ആവേശക്കാഴ്ചകൾ ആസ്വദിക്കാൻ ആരാധകർക്ക് അവസരമുണ്ട്. ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിൽ കോർണിഷിലെ മൂന്ന് മിനി സ്റ്റേജുകളിലായി നിരവധി പ്രകടനങ്ങൾ നടക്കും, ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക കമ്മ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാർ ഇവിടെ പങ്കുചേരും.  

എസ്‌സി, ഖത്തർ ടൂറിസം, സാംസ്കാരിക മന്ത്രാലയം, കത്താറ എന്നിവയുമായി സഹകരിച്ചാണ് പരിപാടികളുടെ നടത്തിപ്പ്. 

കോർണിഷ് കലാ പ്രകടനങ്ങളുടെ സമയം പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും, വാരാന്ത്യങ്ങളിൽ വൈകുന്നേരം 5 മുതൽ 12 വരെയുമാണ്. ഡിസംബർ 3 വെള്ളിയാഴ്ച വരെയാണ് കോർണിഷ് ആഘോഷങ്ങൾ.

“ഈ ആക്ടിവേഷനുകൾ ടൂർണമെന്റ് അന്തരീക്ഷം മെച്ചപ്പെടുത്തും, കാരണം മത്സരങ്ങൾക്കായി ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് പോകുകയോ പകലോ വൈകുന്നേരമോ കോർണിഷിലെ കാഴ്ചകൾ ആസ്വദിക്കുകയോ ചെയ്യും,” എസ്‌സിയുടെ സ്റ്റേക്ക്‌ഹോൾഡർ റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ സുവൈദി പറഞ്ഞു.

ഫിഫ അറബ് കപ്പ് ട്രോഫി പ്രദർശനത്തിലൂടെ ഖത്തറിലെ കമ്മ്യൂണിറ്റികൾക്ക് ടൂർണമെന്റുമായി ഇടപഴകാനും സംവദിക്കാനും അവസരം നൽകും.  രാജ്യത്തുടനീളമുള്ള വിവിധ കമ്മ്യൂണിറ്റി സ്കൂളുകളിലും കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ട്രോഫി നിലവിൽ പ്രദർശിപ്പികുന്നുണ്ട്.  നിരവധി വേദികളിൽ ട്രോഫിയ്‌ക്കൊപ്പം ആരാധകർക്ക് ഫോട്ടോ എടുക്കാനും അവസരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button