മിഡിൽ ഈസ്റ്റ് മേഖലയിലെ മെഡിക്കൽ/ഹെൽത്ത് കെയർ സംരംഭങ്ങളിലെ മികച്ച പ്രതിഭകളെ അടയാളപ്പെടുത്തി ഫോബ്‌സ് മാഗസിൻ വാർഷിക റാങ്കിംഗ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ മലയാളി ഉൾപ്പെടെ ഖത്തറിൽ നിന്ന് 4 പേർ ഇടംപിടിച്ചു. നസീം ഹെൽത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ടറായ മുഹമ്മദ് മിയാൻദാദ് വി.പിയാണ് ഇന്ത്യക്കാകെ അഭിമാനമായി ലിസ്റ്റിൽ ഇടംപിടിച്ച മലയാളി. ഖത്തർ ആരോഗ്യ മന്ത്രിയും ഹമദ് മെഡിക്കൽ കോർപ്പറേഷൻ എംഡിയുമായ ഹനാൻ മുഹമ്മദ് അൽ കുവാരി, മെഡികെയർ ഗ്രൂപ്പ് (MCGS) സി.ഇ.ഒ ഖാലിദ് അൽ ഇമാദി, സിദ്ര മെഡിസിൻ സി.ഇ.ഒ ഇയാബോ ടിനുബു-കാർച്ച് (#58) എന്നിവരാണ് ലിസ്റ്റിലെ മറ്റു ജേതാക്കൾ.
33 ഹോൾഡിംഗ്‌സിന്റെ അനുബന്ധ സ്ഥാപനമായ നസീം ഹെൽത്ത്‌കെയറിനെ 2011 മുതൽ മിയാൻദാദ് നയിക്കുന്നു. ഏഴ് മെഡിക്കൽ സെന്ററുകളും അഞ്ച് ഫാർമസികളുമാണ് നസീമിന് കീഴിൽ പ്രവർത്തിക്കുന്നത്. 2022-ൽ, നസീം ഹെൽത്ത്‌കെയർ തങ്ങളുടെ ശസ്ത്രക്രിയാ കേന്ദ്രം ആരംഭിക്കുകയും നസീം ഹെൽത്ത്‌കെയറിന്റെ CSR വിഭാഗമായ നസീം ഹ്യൂമൻസ് ആരംഭിക്കുകയും ചെയ്തു. 1000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന 33 ഹോൾഡിംഗ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് മിയാൻദാദ്. ആകെ റാങ്കിംഗിൽ 67-ാം സ്ഥാനത്താണ് മിയാൻദാദ്.
ഖത്തർ സ്വദേശി കമ്പനികൾ മാത്രം ഇടംപിടിച്ച ലിസ്റ്റിലാണ് പ്രവാസി വ്യവസായി മിയൻദാദിന്റെ സ്ഥാനമെന്നത് നേട്ടത്തിന് മാറ്റുകൂട്ടുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഹനാൻ മുഹമ്മദ് അൽ കുവാരി ആകെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തി. ഖത്തർ ദേശീയ ഹെൽത്ത് കെയർ സംരംഭമാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അഥവാ എച്ച്.എം.സി. 1996 ൽ HMC യിലെത്തിയ അൽ കുവാരി 2007 മുതൽ സ്ഥാപനത്തിന്റെ എംഡിയും 2016 മുതൽ ഖത്തർ ആരോഗ്യ മന്ത്രിയുമാണ്.
മെഡികെയർ ഗ്രൂപ്പ് (MCGS) ചെയർമാനായ ഖാലിദ് അൽ അൽ ഇമാദി 2013 മുതൽ എംസിജിഎസിനെ നയിക്കുന്നു. മുമ്പ് അൽ-അഹ്‌ലി ഹോസ്പിറ്റൽ എന്ന് വിളിക്കപ്പെട്ടിരുന്ന എംസിജിഎസ്, ന്യൂട്രീഷൻ സ്‌പെഷ്യലിസ്റ്റ് ഹെമ്യ, ഹോം നഴ്‌സിംഗ് കമ്പനിയായ റിയ, ഫിസിക്കൽ തെറാപ്പി കമ്പനിയായ എനയ, വക്ര ബ്രാഞ്ച് എന്നിവ ഉൾപ്പെടെ പ്രത്യേക ആശുപത്രികളും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, ശാസ്ത്രം, കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി ഖത്തർ ഫൗണ്ടേഷനാണ് സിദ്ര മെഡിസിൻ സ്ഥാപിച്ചത്. 2022 ഡിസംബറിൽ ഇയാബോ ടിനുബു-കാർച്ച് അവരുടെ നിലവിലെ റോൾ ഏറ്റെടുത്തു. കൂടാതെ ഇവർ 6M ജെറിയാട്രിക്സ് ആൻഡ് ഹോസ്പിറ്റൽ മെഡിസിൻ സ്ഥാപകയും സിഇഒയുമാണ്.
ഈ റാങ്കിംഗ് സൃഷ്ടിക്കാൻ, ഫോർബ്സ് മിഡിൽ ഈസ്റ്റ് ബിസിനസിന്റെ വലുപ്പം-വരുമാനം, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ – പ്രവർത്തനങ്ങളുടെ വൈവിധ്യം, ആസ്തികളുടെ ഉടമസ്ഥാവകാശം, വ്യക്തിയുടെ അനുഭവം, സ്വാധീനം, നേട്ടങ്ങൾ തുടങ്ങിയവ വിലയിരുത്തി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ