ദോഹ: ഇക്കഴിഞ്ഞ അമീർ കപ്പ് ഫൈനലിന് ഉദ്ഘാടനം ചെയ്യപ്പെട്ട അൽ തുമാമ സ്റ്റേഡിയത്തിന് ശേഷം ഖത്തറിൽ തുറക്കാനിരിക്കുന്ന മറ്റു രണ്ടു പ്രധാന ലോകകപ്പ് സ്റ്റേഡിയങ്ങളായ അൽ ബയാത്ത്, റാസ് അബു അബൗദ് സ്റ്റേഡിയങ്ങളിലെ ആദ്യ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. നവംബർ 30 ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് മത്സരങ്ങൾക്കാണ് ഇവിടങ്ങൾ ഉദ്‌ഘാടന വേദിയാവുക. നവംബർ 30 ന് നടക്കുന്ന ഖത്തർ-ബഹ്‌റൈൻ മത്സരത്തിന് അൽ ബയാത്തും, യുഎഇ-സിറിയ മത്സരത്തിന് റാസ് അബു അബൗദും സാക്ഷ്യം വഹിക്കും.
ഫിഫ അറബ് കപ്പിനായുള്ള ടിക്കറ്റ് വിൽപ്പനയുടെ അവസാനഘട്ടമാണ് ഒക്ടോബർ 25 മുതൽ ആരംഭിച്ചത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ വിൽക്കപ്പെടുന്ന ടിക്കറ്റുകൾ മുഴുവൻ 32 മാച്ചുകൾക്കും ലഭ്യമാണ്. വിൽപ്പന ടൂർണമെന്റിന്റെ അവസാനം വരെയും നീണ്ടു നിൽക്കും.
ടിക്കറ്റ് ഓണ്ലൈനായി വാങ്ങാൻ സന്ദർശിക്കുക: FIFA.com/tickets. നവംബർ മധ്യം വരെ അൽ ഖസർ മെട്രോ സ്റ്റേഷനിലെ ദോഹ എക്സിബിഷൻ സെന്ററിലെ ഫിഫ ടിക്കറ്റ് കൗണ്ടറിൽ നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം.
ഖത്തറിലുള്ളവർക്ക്, ഫൈനൽ, സെമി ഫൈനൽ ഒഴികെയുള്ള മത്സരങ്ങളുടെ കാറ്റഗറി-4 ടിക്കറ്റുകൾ ഖത്തർ റിയാൽ 25 എന്ന നിരക്കിൽ ലഭ്യമാണ്.