യശ്വന്തിനെ കുടുക്കിയ അതേ സംഘം; ഖത്തർ ജയിലിൽ കഴിയുന്ന ഭർത്താവിനായി സഹായം തേടി ഭാര്യ
കൊച്ചി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ കെണിയിൽ അകപ്പെട്ട് ഖത്തറിൽ ജയിലിൽ കഴിയുന്ന ഭർത്താവിന്റെ മോചനത്തിനായി ബന്ധപ്പെട്ട അധികാരികളുടെ സഹായം തേടി 43 കാരിയായ സ്ത്രീ. ഇടപ്പള്ളി വട്ടേക്കുന്നിലെ ഷമീർ എൻ എം (45) ന്റെ ഭാര്യ ജാസ്മിൻ ഷമീറാണ് അഭ്യർഥനയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
നിലവിൽ ഖത്തർ ജയിലിൽ കഴിയുന്ന വരാപ്പുഴ സ്വദേശി യശ്വന്ത് പി പിയെ കുടുക്കിയ അതേ റാക്കറ്റിലെ അംഗങ്ങളാണ് തന്റെ ഭർത്താവിനെ ഖത്തറിലേക്ക് കൊണ്ടുപോയതെന്ന് ജാസ്മിൻ പറഞ്ഞു.
ഷമീറും യശ്വന്തും ജൂലൈ 7ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖത്തറിലേക്ക് ദുബായിൽ സ്റ്റോപ്പുള്ള ഒരു വിമാനത്തിലായിരുന്നു പോയത്.
“അവർക്ക് ഒരിക്കലും പരസ്പരം അറിയില്ലായിരുന്നു. ഖത്തർ വിമാനത്താവളത്തിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ മാത്രമാണ് പരസ്പരം കണ്ടത്, തങ്ങൾ മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയിലാണെന്ന് അപ്പോഴാണ് അറിഞ്ഞത്,” ജാസ്മിൻ പറഞ്ഞു.
“ഷമീറിന് ഖത്തറിൽ ഡ്രൈവറായി ജോലി വാഗ്ദാനം ചെയ്തു. വിസ കൊടുത്ത റാക്കറ്റംഗങ്ങളുടെ ആവശ്യ പ്രകാരം പോകുന്നതിന് മുമ്പ് ഇവിടെ നിന്ന് ഹെവി ലൈസൻസ് പോലും എടുത്തിരുന്നു. ഇപ്പോൾ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാന പോലീസ് മേധാവിക്കും നിവേദനം നൽകിയിട്ടുണ്ട്,” ജാസ്മിൻ പറഞ്ഞു,
വിസയുടെയും വിമാന ടിക്കറ്റിന്റെയും ചെലവ് തന്റെ ശമ്പളത്തിൽ നിന്ന് ഗഡുക്കളായി നൽകാമെന്ന് റാക്കറ്റ് അംഗങ്ങൾ പറഞ്ഞതിനാലാണ് ജോലി വാഗ്ദാനത്തിൽ ഷമീർ വീണത്.
അറസ്റ്റിന് ശേഷം ജയിലിൽ നിന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്ന ഷമീർ പറഞ്ഞതനുസരിച്ച്, ഖത്തറിലേക്കുള്ള യാത്രാമധ്യേ ദുബായിൽ എത്തിയപ്പോൾ നാട്ടിലെ ഏജന്റുമാരിൽ ഒരാൾ മൊബൈൽ ഫോണിൽ വിളിച്ച് ഇന്നയാൾ കൈമാറുന്ന ബാഗ് എടുക്കാൻ പറഞ്ഞു.
“ഖത്തറിലുള്ള ഒരാൾക്ക് ആവശ്യമായ ചില എമർജൻസി മരുന്നുകൾ അതിൽ ഉണ്ടെന്ന് പറഞ്ഞു. ഷമീർ അത് വിശ്വസിച്ച് ബാഗ് വാങ്ങി. ഖത്തറിൽ നിന്ന് പിടികൂടിയപ്പോൾ മാത്രമാണ് ബാഗിൽ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉണ്ടെന്ന് അറിയുന്നത്,” ജാസ്മിൻ പറഞ്ഞു.
യശ്വന്ത് കേസിൽ അറസ്റ്റിലായ പ്രതികളായ എടത്തല സ്വദേശി നിയാസ് (33), കോതമംഗലം ഇരമല്ലൂർ സ്വദേശി ആഷിഖ് ഷെമീർ (25), കോട്ടയം വൈക്കം സ്വദേശി രതീഷ് (26) എന്നിവർ ഷമീറിനെയും ഖത്തറിലേക്ക് അയച്ച് കാരിയറായി ഉപയോഗിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ ഏജന്റുമാർ കുറച്ചുകാലമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ കാർട്ടലുകളുടെ വാഹകരായി ഉപയോഗിച്ചതിന് ശേഷം നിരവധി യുവാക്കൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ജയിലുകളിൽ മയക്കുമരുന്ന് കേസിൽ കഴിയുന്നതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.