ഈ വർഷത്തെ വിന്റർ ക്യാമ്പിംഗ് സീസൺ പ്രഖ്യാപിച്ചു
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2022/2023 വർഷത്തേക്കുള്ള വാർഷിക വിന്റർ ക്യാമ്പിംഗ് സീസണിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഇത് 2022 നവംബർ 1 മുതൽ ഏപ്രിൽ 1, 2023 വരെ രാജ്യത്തിന്റെ വടക്കൻ, മധ്യ പ്രദേശങ്ങളിൽ നടക്കും.
2022 ഡിസംബർ 20 വരെ തെക്കൻ പ്രദേശങ്ങളിലെ (സീലൈൻ, ഖോർ അൽ ഉദെയ്ദ്) ക്യാമ്പിംഗ് മാറ്റിവയ്ക്കാനും 2023 മെയ് 20 വരെ നീട്ടാനും അധികൃതർ തീരുമാനിച്ചു.
ലോകകപ്പ് വേളയിൽ സന്ദർശകർക്ക് ഖത്തറി സംസ്കാരവും അത് ഉൾക്കൊള്ളുന്ന അതുല്യമായ അന്തരീക്ഷവും പരിചയപ്പെടുത്തുന്ന പൈതൃകവും വിനോദ പരിപാടികളും സംഘടിപ്പിക്കുന്നതിനാണ് സീലൈൻ, ഖോർ അൽ അദൈദ് മേഖലകൾ നിയുക്തമാക്കിയിരിക്കുന്നതെന്ന് നാച്ചുറൽ റിസർവ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സലേം ഹുസൈൻ അൽ സഫ്രാൻ പറഞ്ഞു.
ഈ വർഷത്തെ എല്ലാ പ്രദേശങ്ങളുടെയും രജിസ്ട്രേഷൻ, 2022 ഒക്ടോബർ 16 മുതൽ 27 വരെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി നടക്കും:
- തെക്കൻ പ്രദേശങ്ങൾക്കുള്ള രജിസ്ട്രേഷൻ (സീലൈൻ, ഖോർ അൽ അദൈദ്): ഒക്ടോബർ 16 മുതൽ ഒക്ടോബർ 19 വരെ
- മധ്യമേഖലകളിൽ ക്യാമ്പ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ: ഒക്ടോബർ 20 മുതൽ ഒക്ടോബർ 23 വരെ
- വടക്കൻ പ്രദേശങ്ങളിൽ: ഒക്ടോബർ 24 മുതൽ ഒക്ടോബർ 27 വരെ
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഔൺ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വഴിയോ ആണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. അപേക്ഷയുടെ അംഗീകാരം ലഭിച്ച തീയതി മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് ആയി ഫീസ് അടച്ചാൽ മതിയാകും. ഫീസ് അടച്ച തീയതി മുതൽ പത്ത് ദിവസത്തിനുള്ളിൽ ക്യാമ്പിംഗ് അപേക്ഷ റദ്ദാക്കാനും പെർമിറ്റ് അപേക്ഷകന് അധികാരമുണ്ട്.
പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉപഭോഗം, വൃക്ഷത്തൈകളും മരങ്ങളും നട്ടുപിടിപ്പിക്കൽ, ക്യാമ്പിംഗ് സൈറ്റുകൾ പരിപാലിക്കുക, ക്യാമ്പിംഗുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കൽ എന്നിവയിലൂടെ പരിസ്ഥിതി-പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ മന്ത്രാലയം എല്ലാ ക്യാമ്പിംഗ് സന്ദർശകരോടും ആഹ്വാനം ചെയ്തു.