കത്താറയിൽ ജാസ് സംഗീതം മുഴങ്ങും, യൂറോപ്യൻ ജാസ് മേള ഇന്ന് മുതൽ
11 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഖത്തർ കൾച്ചറൽ വില്ലേജ് ആയ കത്താര സംഘടിപ്പിക്കുന്ന യൂറോപ്യൻ ജാസ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഇന്നാരംഭിക്കും. യൂറോപ്യൻ ജാസ് സംഗീതത്തിന്റെ അവതരണ നിശകളാണ് മേള. നവംബർ 6 വരെയാണ് ഫെസ്റ്റിവൽ. വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന ജാസ് മേള നടക്കുന്നത് കത്താറ എസ്പ്ലാനേഡിലെ 20, 21 ഗേറ്റുകളിലാണ്.
ഖത്തറിലെ യൂറോപ്യൻ എംബസികളുമായി ചേർന്ന് നടത്തുന്ന, രാജ്യത്തെ തന്നെ ഏറ്റവും പ്രധാന മേളകളിലൊന്നാണ് യൂറോപ്യൻ ജാസ്. 5 യൂറോപ്യൻ രാജ്യങ്ങൾ പങ്കെടുത്ത ആദ്യ എഡിഷൻ ആരംഭിച്ചത് 2015 ലാണ്. ഏഴാമത് പതിപ്പിലെത്തുമ്പോൾ 11 രാജ്യങ്ങൾ ഭാഗമാകുന്നതായി കത്താറ അന്താരാഷ്ട്ര ഡയറക്ടർ മറിയം അൽ സാദ് പറഞ്ഞു.
അമച്വർ മ്യൂസിക് ടീമുകൾ പങ്കെടുത്ത ആദ്യ പതിപ്പിൽ നിന്ന് പ്രശസ്ത ടീമുകളുടെ പങ്കാളിത്തത്തിലേക്ക് ഈ എഡിഷൻ വളർന്നതായി അവർ പറഞ്ഞു. പങ്കെടുക്കുന്ന കാണികളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായത്. നേരത്തെ എംബസികളുടെ മാത്രം സഹകരണമായിരുന്നെങ്കിൽ നിലവിൽ യൂറോപ്യൻ യൂണിയന്റെ നേരിട്ടുള്ള താൽപ്പര്യം മേളയിലുണ്ട്.
പരസ്പര സൗഹൃദവും വ്യത്യസ്ത സംസ്കാരങ്ങളുടെ സഹകരണവും ലക്ഷ്യമിട്ടുള്ള കത്താര യൂറോപ്യൻ ജാസ് ഫെസ്റ്റിവൽ ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച ജാസ് സംഗീതജ്ഞരുടെ സംഗമ വേദിയായിട്ടുണ്ട്.