ദോഹ: ഖത്തറിൽ ഒരു കൂട്ടം യുവാക്കൾ നടുറോഡിൽ ഒരു കുടുംബത്തിന് നേരെ സ്‌നോ സ്‌പ്രേ തളിച്ചു ആഘോഷിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ വ്യാപക പ്രതിഷേധം. നാഷണൽ ഡേ ആഘോഷങ്ങളിൽ ഖത്തരി മൂല്യങ്ങൾ നഷ്ടപ്പെടുന്നതായി വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പിൽ, രണ്ട് ആൺകുട്ടികൾ പാർട്ടി സ്നോ സ്പ്രേ ഉപയോഗിച്ച് കാറിൽ നിന്ന് ഇറങ്ങി മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് നേരെ സ്പ്രേ ചെയ്യുന്നത് കാണാം. മറ്റൊരാൾ കാറിന്റെ മുകളിൽ ഇരുന്നു സംഭവം ചിത്രീകരിക്കുകയാണ്.
ഇത്തരം അധിക്ഷേപകരമായ പെരുമാറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനും ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്താനും സോഷ്യൽ മീഡിയയിൽ നിരവധി പേർ അധികാരികളോട് അഭ്യർത്ഥികുന്നുണ്ട്.
“സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്ന ഏതൊരാളും നിയമപ്രകാരം ശിക്ഷിക്കപ്പെടും. ഈ പ്രതിഭാസം പഠിക്കുകയും അതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. 2022 ലോകകപ്പിന് മുൻപായി ഇത്തരം പ്രവർത്തനങ്ങൾ ഖത്തറിലെ സമൂഹം അംഗീകരിക്കുന്നില്ലെന്ന് ബോധവൽക്കരണം നടത്തണം,” അഭിഭാഷകനായ ഖാലിദ് അബ്ദുല്ല അൽ മൊഹന്നദി ട്വീറ്റ് ചെയ്തു.
“നിർഭാഗ്യവശാൽ, ദേശീയ ദിനം ആഘോഷിക്കുന്നതിൽ മൂല്യങ്ങൾ അവഗണിക്കപ്പെട്ട നിരവധി സംഭവങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. കഠിനമായ ശിക്ഷയുണ്ടാകണം, അല്ലെങ്കിൽ അതൊരു ശീലമായി മാറും,” ഖത്തറി പത്രപ്രവർത്തകനായ സാലിഹ് ഗരീബ് ട്വീറ്റ് ചെയ്തു.
നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ചിലർ തന്റെ കാറിന്റെ ഗ്ലാസിൽ പതകൾ തളിച്ചതിനെ തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും പരിഭ്രാന്തിയിൽ അകപ്പെടുകയും ചെയ്തതായി ട്വിറ്ററിൽ മറ്റൊരാൾ പറഞ്ഞു.