ദോഹ: ഒന്നും രണ്ടും കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള കാലയളവ് കുറയ്ക്കുന്നത് വാക്സിൻ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ ഹെഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
“നിർദ്ദിഷ്ട ഇടവേള 2-3 ആഴ്ച വരെയെങ്കിലും നീണ്ടുപോയാലും വാക്സിൻ ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കില്ലെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. അതേ സമയം, രണ്ട് ഡോസുകൾക്കിടയിലുള്ള ദിവസങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചാൽ വാക്സിൻ പരിരക്ഷയും കുറയും. പലരും തങ്ങളുടെ രണ്ടാമത്തെ ഡോസ് നേടി എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നത് മനസ്സിലാക്കാം. പക്ഷേ ക്ഷമയോടെ കാത്തിരിക്കാനും ഉചിതമായ സമയത്ത് മാത്രം രണ്ടാമത്തെ ഡോസ് സ്വീകരിച്ചു അതിൽ നിന്ന് ശരിയായ പ്രയോജനം നേടാനുമാണ് എനിക്ക് ആളുകളോട് പ്രോത്സാഹിപ്പിക്കാനുള്ളത്,” പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്തിന്റെ വാക്കുകൾ.
നിലവിൽ, ഒന്നും രണ്ടും ഡോസുകൾക്കിടയിൽ ഫൈസർ-ബയോ എൻടെക്കിന് 21 ദിവസത്തെ ഇടവേള നൽകുമ്പോൾ, മോഡേണയ്ക്ക് 28 ദിവസമാണ് ഇടവേള ആവശ്യമായുള്ളത്. ഈ രീതി പിന്തുടരുകയാണെങ്കിൽ കോവിഡ്-19 നെതിരെ പരമാവധി പ്രതിരോധം കൈവരിക്കാമെന്നാണ് ക്ലിനിക്കൽ തെളിവുകൾ സൂചിപ്പിക്കുന്നത്.