വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രാഥമികാരോഗ്യ കോർപ്പറേഷന്റെയും സഹകരണത്തോടെ മാർച്ച് പകുതി മുതൽ ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ (Tdap) എന്നിവയ്‌ക്കെതിരായ വാർഷിക വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഈ വർഷം, ഖത്തറിലെ സ്വകാര്യ, പൊതു വിദ്യാലയങ്ങളിലെ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
മൂന്ന് രോഗങ്ങൾക്കെതിരെയുള്ള വാക്സിനേഷൻ ബൂസ്റ്റർ ഡോസായി ഓരോ 10 വർഷത്തിലും എടുക്കണമെന്ന് ലോകാരോഗ്യ സംഘടനയും ശുപാർശ ചെയ്യുന്നു. ഇത് കൗമാരക്കാർക്കുള്ള ആനുകാലിക വാക്സിനേഷന്റെ ചട്ടക്കൂടിനുള്ളിലും ഖത്തറിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഷെഡ്യൂളിലും വരുന്നതാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു.
വർഷം തോറും പത്താം ക്ലാസ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഈ കാമ്പയിൻ നടപ്പിലാക്കുന്നത്, എന്നാൽ രാജ്യത്തും ലോകമെമ്പാടുമുള്ള കോവിഡ് പാൻഡെമിക് കാരണം കഴിഞ്ഞ വർഷം ഇത് മാറ്റിവച്ചിരുന്നു, അതിനാൽ ഈ വർഷത്തെ ടാർഗെറ്റ് ഗ്രൂപ്പിൽ ഗ്രേഡ് പത്ത്, പതിനൊന്ന് വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.