വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്താം
ദോഹ: ഖത്തറിന്റെ പുതിയ യാത്രാനയം ജൂലൈ 12ന് പ്രാബല്യത്തിൽ വന്നതിനൊപ്പം മുഴുവൻ ഡോസ് വാക്സിനേഷൻ പൂർത്തിയായവർക്ക് ഒരു മാസത്തെ ഓണ്-അറൈവൽ സൗജന്യ വിസയും അനുവദിച്ചു തുടങ്ങി. ഇത് ഇന്ത്യക്കാർക്കും ലഭ്യമാണ്. 95 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിസ-ഫ്രീ ഓണ് അറൈവലിൽ ഖത്തറിലെത്താമെന്നു ഖത്തർ എയർവെയ്‌സ് സ്ഥിരീകരിച്ചു. പുതിയ ട്രാവൽ നയത്തിൽ വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ ഒഴിവായതോടെ, ഇന്ത്യക്കാരും ഓണ് അറൈവൽ വിസ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
വാക്സീൻ ഖത്തർ അംഗീകൃതമായിരിക്കണം. കോവിഷീൽഡ്, ഫൈസർ, മോഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകൾ ഖത്തറിൽ അംഗീകൃതമാണ്. രണ്ടാം ഡോസിന് ശേഷം 14 ദിവസം പിന്നിട്ടിരിക്കണം. എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ടും കരുതണം. ഖത്തറിലെത്തിയ ശേഷവും ആർട്ടിപിസിആർ ടെസ്റ്റിന് വിധേയമായി നെഗറ്റീവ് റിസൾട്ട് ലഭിക്കേണ്ടതുണ്ട്. ഓണ് അറൈവൽ വിസയിൽ ഖത്തറിലെത്താനാവശ്യമായ എല്ലാ രേഖകളും നിലവിലും നിർബന്ധമാണ്. 6 മാസം എങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേണ് എയർ ടിക്കറ്റ്, ഖത്തറിൽ താമസിക്കാനുള്ള ഹോട്ടൽ ബുക്കിംഗ് രേഖകൾ എന്നിവയാണവ. ഈ രേഖകൾ സഹിതം എത്തിച്ചേരലിന് 72-12 മണിക്കൂറിനിടയിൽ ഇഹ്തിറാസ് പോർട്ടലിൽ രെജിസ്റ്റർ ചെയ്ത് ആരോഗ്യമന്ത്രാലയത്തിന്റെ ട്രാവൽ ഓതറൈസേഷൻ കരസ്ഥമാക്കണം.