ദോഹ: ഖത്തറിന്റെ പുതിയ ട്രാവൽ നയം ജൂലൈ 12 മുതൽ നിലവിൽ വരും. രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സീനുമെടുത്ത് ഖത്തറിലെത്തുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള, ഖത്തരി റസിഡന്റ് പെർമിട്ടുള്ള പ്രവാസികൾ, ഫാമിലി വിസയിലുള്ളവർ, ടൂറിസ്റ്റ് ആയോ ബിസിനസ് സംബദ്ധമായോ ഖത്തറിലെത്തുന്നവർ എന്നിവർക്ക് പൂർണമായും ക്വാറന്റിൻ ഒഴിവാക്കുന്നതാണ്. നയത്തിലെ പ്രധാന ഹൈലൈറ്റ്. ജിസിസി പൗരന്മാർക്ക് കൂടുതൽ ഇളവുകളുണ്ട്. വാക്സിനെടുത്തവർക്ക് ഫാമിലി/ടൂറിസ്റ്റ് വിസകൾ പുനഃസ്ഥാപിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഏറെക്കാലത്തെ പ്രവാസികളുടെ ആവർത്തിച്ചുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരം ആയത്.
അതേ സമയം വാക്സീൻ സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പം വാക്സീൻ സ്വീകരിക്കാത്ത കുട്ടികൾ എത്തുമ്പോൾ, അവർ ക്വാറന്റീനിൽ പോകണോ എന്ന സംശയം ഉയർന്നിരുന്നു. ആദ്യം വന്ന അപ്‌ഡേറ്റുകളിൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് മാത്രമാണ് ക്വാറന്റിൻ വേണ്ടാത്തത് എന്നുണ്ടായതും ആശങ്കയുണർത്തി. എന്നാൽ വാക്സീൻ മുഴുവൻ ഡോസ് എടുത്ത മാതാപിതാക്കൾക്കൊപ്പമെത്തുന്ന, വാക്സീൻ എടുക്കാത്ത 11 വയസ്സു വരെയുള്ള കുട്ടികൾക്കും ക്വാറന്റിൻ ആവശ്യമില്ല. ഈ കുട്ടികളെ മാതാപിതാക്കളെ പോലെ തന്നെ വാക്സീൻ എടുത്തവരായാണ് ഖത്തർ പരിഗണിക്കുക. അതേ സമയം, 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ വാക്സീൻ എടുത്ത മാതാപിതാക്കളോടൊപ്പമാണ് എത്തുന്നതെങ്കിലും ക്വാറന്റീനിൽ കഴിയണം. രാജ്യങ്ങളുടെ കോവിഡ് തീവ്രതയനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് സോണുകളായി തിരിച്ചാണ് വാക്സീൻ സ്വീകരിക്കാത്തവർക്കുള്ള പുതിയ ക്വാറന്റിൻ ദിനങ്ങൾ തീരുമാനിക്കുന്നത്. ഇന്ത്യ റെഡ് സോണിൽ തന്നെ തുടരുന്നതിനാൽ ഇന്ത്യൻ കുട്ടികൾക്ക് 10 ദിവസം തന്നെയാണ് നിർബന്ധിത ഹോട്ടൽ ക്വാറന്റിൻ. മാതാപിതാക്കളിൽ ഒരാൾ കുട്ടികളോടൊപ്പം ഹോട്ടലിൽ കഴിയാം.
ഒപ്പം, വാക്സീൻ രണ്ട് ഡോസ് എടുത്ത് 14 ദിവസം പിന്നിടാത്തവർ, ഒരു ഡോസ് മാത്രമെടുത്തവർ, ഖത്തർ അംഗീകൃതമല്ലാത്ത വാക്സീൻ എടുത്തവർ, വാക്സീൻ എടുക്കാത്തവർ എന്നിവരെല്ലാം നേരത്തെ പോലെ ക്വാറന്റിൻ തുടരണം.