Qatar

സാധാരണജീവിതത്തിലേക്ക് മൂന്നാം ഘട്ടം; ഇന്ന് മുതൽ ഖത്തറിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെ.

ദോഹ: ഖത്തറിൽ കോവിഡ് ഇളവുകളുടെ മൂന്നാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പല പൊതുവിടങ്ങളുടേയും പ്രവർത്തന പരിധി 50 ശതമാനത്തിലേക്ക് ഉയർത്തിയതും കുട്ടികൾക്കുണ്ടായിരുന്ന മിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതുമാണ് പ്രസക്തമായ ഇളവുകൾ. പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

-ദോഹ മെട്രോ, പൊതുഗതാഗതം, ഡ്രൈവിംഗ് സ്‌കൂൾ, ബാർബർ ഷോപ്പ്, ഔട്ട്ഡോർ അമ്യൂസ്മെന്റ് പാർക്ക്, എന്റർടെയിന്മെന്റ് സെന്ററുകൾ, ഔട്ട്ഡോർ സ്വിമിംഗ് പൂളുകൾ, വാട്ടർ പാർക്കുകൾ നഴ്‌സറി, വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ, ബീച്ചുകൾ, മാളുകൾ, സൂക്കുകൾ, ഹോൾസെയിൽ മാർക്കറ്റ് മുതലായവയുടെ അനുവദനീയ പ്രവേശന പരിധി 50 ശതമാനത്തിലേക്ക് ഉയർത്തി. മ്യൂസിയങ്ങളിലും ലൈബ്രറികളിലും 75 ശതമാനത്തിലേക്ക് ഉയർത്തി. മാളുകളിലെ ഫുഡ് കോർട്ടുകളിൽ 30 ശതമാനം മാത്രം.

-ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉള്ള എല്ലാ ഭക്ഷണശാലകളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. അതേ സമയം സർട്ടിഫിക്കറ്റ് ഇല്ലാത്ത ഔട്ട്ഡോർ ഭക്ഷണശാലകളിൽ 30 ഉം ഇൻഡോറിൽ 15 ഉമാണ് പരിധി.

-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ അനുവദനീയ ശേഷി 100 ശതമാനമാക്കി.

-മാർക്കറ്റിലും സൂക്കുകളിലും സിനിമാതിയേറ്ററിലും ഇനി കുട്ടികൾക്ക് പ്രവേശിക്കാം. തിയേറ്ററിന്റെയും ഇൻഡോർ അമ്യൂസ്മെന്റ് പാർക്ക്, എന്റര്ടെയിന്മെന്റ് സെന്റർ, ഇൻഡോർ സ്വിമിംഗ് പൂൾ എന്നിവയുടെ ശേഷി പരിധി 30 ശതമാനം ആയിരിക്കും. അതിൽ 75% പേർ വാക്സീൻ എടുത്തിരിക്കണം. കുട്ടികൾ ഉൾപ്പെടെ ബാക്കി 25 ശതമാനത്തിലാണ്. -50 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകളിൽ ഒരു സമയം ഒരു കുട്ടിക്ക് മാത്രമാവും പ്രവേശനം. പള്ളികളിൽ 7 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.

-ബീച്ചുകളിലും പാർക്കുകളിലും 15 പേർ വരെയോ ഒരേ വീട്ടിലെ മുഴുവൻ കുടുംബാംഗങ്ങൾക്കോ ഒന്നിച്ചു വരാം. ഓട്ടം, നടത്തം, സൈക്ക്ളിംഗ് എന്നിവയ്ക്ക് പുറമെ ഇനി മുതൽ വ്യായാമ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറക്കും.

-അടഞ്ഞ ഇടങ്ങളിൽ വാക്സീൻ എടുത്ത 15 പേർക്ക് വരെയോ എടുക്കാത്ത 5 പേർക്ക് വരെയോ കൂട്ടം ചേരാം. തുറന്ന ഇടങ്ങളിൽ ഇത് യഥാക്രമം 30 ഉം 10ഉം ആണ്. 

-വിവാഹചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 80 ആക്കി ഉയർത്തി. വാക്സീൻ എടുക്കാത്ത 10 പേർക്ക് വരെ പങ്കെടുക്കാം.

-പ്രൈവറ്റ് വള്ളങ്ങളിലും ടൂറിസ്റ്റ് ബോട്ടുകളിലും 50 ശതമാനം ശേഷിയിൽ വാക്സീൻ എടുക്കാത്ത 3 പേർ ഉൾപ്പെടെ 20 പേരെ വരെ അനുവദിക്കും. മെട്രോ അടങ്ങുന്ന പൊതുഗതാതം 50 ശതമാനം ശേഷിയിൽ ഓടും.

-കസ്റ്റമേഴ്‌സും ജീവനക്കാരും വാക്സീൻ സ്വീകരിച്ചവരെങ്കിൽ, മസ്സാജ്, ജക്കൂസി, ജിം, ഹെൽത്ത് ക്ലബുകൾ മുതലായവ 50% ശേഷിയിൽ പ്രവർത്തിക്കാം.

-തൊഴിൽസ്ഥാപനങ്ങളിൽ പരിധി 80 ശതമാനം തന്നെ തുടരും. വാക്സീൻ എടുക്കാത്ത ജീവനക്കാർക്കുള്ള പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റും തുടരും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button