പ്രവാസികൾക്കുൾപ്പടെ ഖത്തറിൽ നിന്ന് ഉംറ തീർത്ഥാടനം പുനരാരംഭിച്ചു; നിബന്ധനകൾ ഇങ്ങനെ
ലൈസൻസുള്ള ടൂർ ഓപ്പറേറ്റര്മാരുടെ കീഴിൽ ഖത്തറിൽ നിന്ന് സൗദിയിലേക്ക് പ്രവാസികൾക്കുൾപ്പടെയുള്ളവരുടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു. ഔഖാഫ് മന്ത്രാലയത്തിന്റെ ലൈസൻസ് ഉള്ള ടൂർ ഓപ്പറേറ്റര്മാര്ക്ക് മാത്രമാണ് അനുമതി.
വീസയും മറ്റു അനുമതികളും ലഭ്യമാക്കാൻ അധികാരമുള്ള അംഗീകൃത ടൂർ ഓപ്പറേറ്റര്മാര്ക്ക് കീഴിൽ മാത്രമേ ഖത്തർ താമസക്കാരായ പ്രവാസികൾക്ക് സൗദിയിലേക്ക് ഉംറ തീർത്ഥാടനത്തിന് പോകാനാവൂ എന്ന് ഹജ്ജ് ഉംറ വകുപ്പ് വ്യക്തമാക്കി. വകുപ്പ് തലവൻ അൽ സുൽത്താൻ അൽ മിസ്ഫിരി ഖത്തർ ടിവിയോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയിലെത്തിയാൽ തീർത്ഥാടകർ അനുവർത്തിക്കേണ്ട ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളും അദ്ദേഹം വ്യക്തമാക്കി:
തീർത്ഥാടകാർ മുഖീം പോർട്ടൽ, ‘തവക്കൽന’, ‘ഈത്മർന’ ആപ്പുകൾ വഴി രജിസ്റ്റർ ചെയ്യണം. മുഖീം പോർട്ടലും തവക്കൽന ആപ്പും തമ്മിലുള്ള വ്യത്യാസം ആദ്യത്തേതിൽ കോവിഡ് വാക്സിനേഷൻ ഡാറ്റ (വാക്സിൻ തരം, ഡോസുകളുടെ എണ്ണം, തീയതികൾ തുടങ്ങിയവ) യുമുൾപെടുന്നു എന്നതാണ്, ‘തവക്കൽന’യാകട്ടെ, ഇത് ഖത്തറിലെ ഇഹ്തിറാസ് ആപ്പിന് സമാനമാണ്, ഒരു വ്യക്തിയുടെ ആരോഗ്യനിലയാണ് കാണിക്കുന്നത്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മസ്ജിദ് അൽ ഹറമിന്റെ കവാടത്തിലും പ്രവേശിക്കുന്നതിന് തവക്കൽന സ്റ്റാറ്റസ് കാണിക്കേണ്ടതുണ്ട്.
ഉംറ തീർത്ഥാടനത്തിനുള്ള അനുമതി ലഭിക്കാനും മക്കയിലെ വലിയ പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് അൽ ഹറാമിൽ അഞ്ച് സമയ പ്രാർത്ഥനകൾ നടത്താനുമുള്ള ഇ-ബ്രേസ്ലെറ്റ് തീർത്ഥാടകർ എനയ ഓഫീസിൽ നിന്നും സ്വീകരിക്കണം. മക്കയിലെ 10 ഹോട്ടലുകളിൽ എനയ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
ഉംറ തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ മന്ത്രാലയം 132 എന്ന ഹോട്ട്‌ലൈൻ നമ്പറും ആരംഭിച്ചിട്ടുണ്ട്.