ഖത്തറിന് പുറത്ത് നിന്ന് കോവിഡ്-19 വാക്സിനേഷൻ രണ്ട് ഡോസുകൾ എടുത്തവർക്കും, ഖത്തറിൽ ബൂസ്റ്റർ ഡോസ് നൽകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ (MoPH) വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ-ബയാത്ത് അറിയിച്ചു. തിങ്കളാഴ്ച ഖത്തർ ടിവിയോട് സംസാരിക്കവെയാണ് അവർ ബൂസ്റ്റർ ഡോസ് സംബന്ധിച്ച് നിർണ്ണായക വിശദീകരണം നൽകിയത്.
ഖത്തറിന് പുറത്ത് നിന്ന് ആസ്ട്രസനക്ക (കൊവിഷീൽഡ്) ഉൾപ്പെടെയുള്ള വാക്സീനുകൾ രണ്ട് ഡോസും സ്വീകരിച്ചവർക്ക്, നിലവിൽ ഫൈസർ/ബയോഎൻടെക് അല്ലെങ്കിൽ മോഡേണ എന്നീ രണ്ട് വാക്സിനുകളിൽ ഒന്നിന്റെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് അവർ വിശദമാക്കി. വാക്സിനുകൾ കലർത്തുന്നത് അപകടമുണ്ടാക്കില്ലെന്നും വകുപ്പ് മേധാവി വിശദീകരിച്ചു.
ഖത്തറിന് പുറത്ത് വാക്സിനേഷൻ എടുത്ത ആളുകൾക്കുള്ള മൂന്നാമത്തെ ഡോസിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി: “ഉദാഹരണത്തിന്, ഖത്തറിന് പുറത്ത് അസ്ട്രസെനെക്ക വാക്സിൻ സ്വീകരിച്ചവർക്ക് രണ്ട് വാക്സിനുകളിൽ (ഫൈസർ/ബയോഎൻടെക് അല്ലെങ്കിൽ മോഡേണ) ഒന്നിന്റെ ബൂസ്റ്റർ ഡോസ് (ഖത്തറിൽ) നൽകും. തങ്ങളുടെ ജനങ്ങൾക്ക് റിസ്ക് ഏതുമില്ലാതെ കുത്തിവയ്ക്കാൻ രണ്ട് വാക്സിനുകൾ കലർത്തുന്ന രാജ്യങ്ങൾ ഉണ്ട്. ആയതിനാൽ അപകടമൊന്നുമില്ല,” അവർ പറഞ്ഞു.
ഇന്ത്യയിൽ നിന്നുൾപ്പടെ വാക്സീൻ സ്വീകരിച്ചു ഖത്തറിലെത്തിയ പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സംബന്ധിച്ച ഈ തീരുമാനം ബാധകമാകും.
കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് വാക്സിനേഷൻ പൂർത്തിയാക്കിയ ആളുകൾക്ക് ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങളും ഇളവുകളും മാറിയേക്കാമെന്നും, രണ്ടാമത്തെ ഡോസിന് 12 മാസത്തിനു ശേഷം അവരുടെ പ്രതിരോധശേഷി കുറയുമെന്നും അവർ സൂചിപ്പിച്ചു.
“രണ്ട് ഡോസ് വാക്സിനേഷൻ എടുത്തവർക്ക് പ്രത്യേകാവകാശങ്ങൾ നൽകുമ്പോൾ, 12 മാസമായിരുന്നു കാലയളവ്. എന്നിരുന്നാലും, രണ്ടാമത്തെ ഡോസിന് 12 മാസത്തിനുശേഷം ഏറെക്കുറെ പ്രതിരോധശേഷി ഇല്ലെന്ന് പഠനങ്ങൾ തെളിയിക്കുകയാണെങ്കിൽ, ഈ ഇളവുകൾ മാറിയേക്കാം,” സോഹ അൽ ബയാത്ത് വ്യക്തമാക്കി.
കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും രണ്ടാമത്തെ കോവിഡ് -19 വാക്സിൻ ഡോസ് സ്വീകരിച്ച എല്ലാ വ്യക്തികളും ഇപ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് MoPH അടുത്തിടെ നിർദ്ദേശിച്ചിരുന്നു.
തങ്ങളെയും ചുറ്റുമുള്ളവരെയും, പ്രായമായവർ, അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ, അതുപോലെ കുട്ടികൾ, തുടങ്ങിയവരെ സംരക്ഷിക്കാൻ യോഗ്യരായ എല്ലാ വ്യക്തികളും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകത വാക്സിനേഷൻ മേധാവി ആവർത്തിച്ചു.