ആറ് മാസത്തിന് മുമ്പ് രണ്ടാമത്തെ ഡോസ് COVID-19 വാക്സിൻ എടുത്ത എല്ലാ ആളുകളും കാലതാമസം കൂടാതെ ബൂസ്റ്റർ വാക്സിനുകളും എടുക്കണമെന്നു പൊതുജനാരോഗ്യ മന്ത്രാലയം (MOPH) നിർദ്ദേശിച്ചു.
മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷൻ മേധാവി ഡോ.സോഹ അൽ ബയാത്ത് ആണ് ഇക്കാര്യം അഭ്യർത്ഥിച്ചത്. കോവിഡ് -19 നെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
“സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്, അതിനാലാണ് എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അർഹരായ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നത്,” അവർ പറഞ്ഞു.
COVID-19 വാക്‌സിനിനെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണം തുടരുന്നുവെന്ന് അൽ ബയാത്ത് ആവർത്തിച്ചു. ഏറ്റവും പുതിയ ക്ലിനിക്കൽ പഠനങ്ങൾ കാണിക്കുന്നത് COVID-19 വാക്‌സിന്റെ ഡോസുകളിൽ നിന്ന് നേടിയ പ്രതിരോധശേഷി രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം കുറയുന്നതാണ്.
ആറുമാസം മുമ്പ് രണ്ട് ഡോസുകൾ എടുത്ത എല്ലാവർക്കും ഇപ്പോൾ ബൂസ്റ്റർ ഡോസ് എടുക്കാൻ അർഹതയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. പ്രായഭേദമെന്യേ രണ്ടാം ഡോസ് എടുത്ത് 6 മാസം പിന്നിട്ടവർ എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നായിരുന്നു അറിയിപ്പ്.
അതേസമയം, ഇതു വരെയും സീസണൽ ഫ്ലൂ വാക്സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ, ഇത് രണ്ടും ഒരേ സമയം സ്വീകരിക്കാൻ നിർദ്ദേശിക്കുന്നതായും അൽ ബയാത്ത് പറഞ്ഞു.