ഈദ് അവധിക്കാലത്ത് ഖത്തറിലെ ഹെൽത്ത് സെന്ററുകൾ നാൽപത്തിനായിരത്തോളം രോഗികൾക്ക് സേവനം നൽകി

2025 മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെയുള്ള ഈദ് അൽ-ഫിത്തർ അവധിക്കാലത്ത് പൗരന്മാരും താമസക്കാരും ഉൾപ്പെടെ 37,241 പേർ തങ്ങളുടെ 20 ഹെൽത്ത് സെന്ററുകൾ സന്ദർശിച്ചതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) റിപ്പോർട്ട് ചെയ്തു.
ഇതിൽ 28,247 രോഗികൾ ഫാമിലി മെഡിസിൻ ക്ലിനിക്കുകൾ സന്ദർശിച്ചു, 1,848 പേർക്ക് ജനറൽ ഡെന്റൽ ക്ലിനിക്കുകളിൽ ചികിത്സ ലഭിച്ചു. കൂടാതെ, അടിയന്തര പരിചരണ യൂണിറ്റുകളുള്ള 12 ആരോഗ്യ കേന്ദ്രങ്ങളിൽ 3,993 അടിയന്തര കേസുകൾ കൈകാര്യം ചെയ്‌തു. അൽ-മഷാഫ്, അൽ-സദ്, അബുബക്കർ അൽ-സിദ്ദീഖ്, അൽ-റുവൈസ്, അൽ-ഷീഹാനിയ, അൽ-കഅബാൻ, ഗരാഫത്ത് അൽ റയ്യാൻ, റൗദത്ത് അൽ-ഖൈൽ, മുഐതർ, ഉം സലാൽ, ലീബൈബ്, അൽ കരാന എന്നിവയായിരുന്നു ആ സെന്ററുകൾ.
അവധിക്കാലത്ത് സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകളും ലഭ്യമായിരുന്നു. ഇതിൽ നേത്രചികിത്സ, ഇഎൻടി (ചെവി, മൂക്ക്, തൊണ്ട), ഡെർമറ്റോളജി, പ്രീ മാരിറ്റൽ സ്ക്രീനിംഗ് ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടുന്നു. ലീബൈബ്, റൗദത്ത് അൽ ഖൈൽ, അൽ-മഷാഫ് എന്നീ ആരോഗ്യ കേന്ദ്രങ്ങളിലായി നേത്രചികിത്സ ക്ലിനിക്കിൽ 391 രോഗികളും, ഇഎൻടി വിഭാഗത്തിൽ 262 രോഗികളും, ഡെർമറ്റോളജി വിഭാഗത്തിൽ 333 രോഗികളും ചികിത്സ തേടി. ലീബൈബ്, അൽ-മഷാഫ്, അൽ-റയ്യാൻ എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ 63 പേർക്ക് പ്രീ മാരിറ്റൽ സ്ക്രീനിംഗ് ക്ലിനിക്കുകൾ സേവനം നൽകി.
ഫാർമസി, റേഡിയോളജി, ലബോറട്ടറി സൗകര്യങ്ങൾ തുടങ്ങിയ മറ്റ് സപ്പോർട്ടിങ് സേവനങ്ങളും അവധിക്കാലം മുഴുവൻ രോഗി പരിചരണത്തെ പിന്തുണയ്ക്കുന്നതിനായി ലഭ്യമായിരുന്നു.
പിഎച്ച്സിസിയുടെ കമ്മ്യൂണിറ്റി കോൾ സെന്റർ (16000) ഫോൺ, വീഡിയോ കോളുകൾ വഴി 1,134 വെർച്വൽ കൺസൾട്ടേഷനുകൾ നൽകി. ഈ സേവനങ്ങൾ രോഗികൾക്ക് – പ്രത്യേകിച്ച് അടിയന്തിര ആരോഗ്യ ആവശ്യങ്ങളുള്ളവർക്ക് – സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറിപ്പടികൾ ഉൾപ്പെടെ സമയബന്ധിതമായ ഉപദേശവും ചികിത്സയും ലഭിക്കാൻ സഹായിച്ചു.
രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ ഓപ്പറേറ്റിങ് ഹെൽത്ത് സെന്ററുകളും ദീർഘനേരം കാത്തിരിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പിഎച്ച്സിസി സ്ഥിരീകരിച്ചു. ഖത്തറിന്റെ ദേശീയ ആരോഗ്യ തന്ത്രത്തെയും ഖത്തർ ദേശീയ ദർശനം 2030-നെയും പിന്തുണയ്ക്കുന്ന രോഗി പരിചരണത്തിനാണ് മുൻഗണനയെന്ന് അവർ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE