
അൽ വക്ര: ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന കാമറൂൺ-സെർബിയ മത്സരം 3-3 ന് ശക്തമായ സമനിലയിൽ അവസാനിച്ചു. പകരക്കാരനായി വന്ന സ്ട്രൈക്കർ വിൻസെന്റ് അബൂബക്കറിന്റെ സെർബിയയ്ക്കെതിരായ ഒരു ഗോളും ഒരു അസിസ്റ്റൻസുമാണ് 3-1 ന് പുറകിൽ ഉണ്ടായിരുന്ന കാമറൂണിനെ തിരിച്ചു കൊണ്ടുവന്നത്.
ജീൻ-ചാൾസ് കാസ്റ്റെലെറ്റോ കാമറൂണിന് ആദ്യ അരമണിക്കൂറിനു തൊട്ടുമുമ്പ് തന്നെ ലീഡ് നൽകി. എന്നാൽ ഒന്നാം പകുതിയുടെ അവസാനത്തിൽ സ്ട്രാഹിഞ്ച പാവ്ലോവിച്ച്, സെർജ് മിലിങ്കോവിച്ച്-സാവിച് എന്നിവരുടെ ഇരട്ട ഗോളുകൾ സെർബിയയ്ക്ക് അനുകൂലമായി.
രണ്ടാം പിരീഡിന്റെ തുടക്കത്തിൽ അലക്സാണ്ടർ മിട്രോവിച്ച് മറ്റൊരു ഗോൾ കൂടി ചേർത്തപ്പോൾ, സെർബിയ പൂർണ്ണ നിയന്ത്രണത്തിലും വിജയത്തിലേക്കുള്ള കുതിപ്പിലുമായിരുന്നു.
എന്നാൽ ഈ വർഷമാദ്യം നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ടോപ് സ്കോറായ അബൂബക്കർ ബെഞ്ചിൽ നിന്ന് ഇറങ്ങിയപ്പോൾ കളി വഴിമാറി. 64ാം മിനിറ്റിൽ സെർബിയൻ പ്രതിരോധ നിരയിലൂടെ നൂഴ്ന്നിറങ്ങിയ അബൂബക്കർ സുന്ദരമായ ചിപ് ഷോട്ടിലൂടെ ഗോൾ നേടി. 66 ആം മിനിറ്റിൽ അബൂബക്കർ നൽകിയ പാസ് ചൂപ്പോ മോട്ടിംഗ് ഗോളാക്കിയതോടെ മൽസരം ആവേശകരമായ സമനിലയിൽ കലാശിച്ചു.
വെള്ളിയാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ കാമറൂൺ ബ്രസീലിനെ നേരിടേണ്ടിവരും, അതേസമയം സെർബിയ സ്വിറ്റ്സർലൻഡിനെ നേരിടും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu