ഖത്തറിന്റെ ഡ്രൈവർ-ഇല്ലാ മിനിബസ് പരീക്ഷണയോട്ടം തുടങ്ങുന്നു
ദോഹ: ഗതാഗത മന്ത്രാലയം, മൊവാസലാത്ത് (കർവ), ഖത്തർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ, ഖത്തർ ഫൗണ്ടേഷന്റെ കാമ്പസിൽ സ്വയം ഓടുന്ന ഡ്രൈവർ-ഇല്ലാ മിനിബസിന്റെ പരീക്ഷണയോട്ടം തുടങ്ങുന്നു. പൂർണമായും കാർബൺ എമിഷൻ രഹിതമാണ് ഈ മിനിബസ്സുകൾ.
അടുത്ത 10 ദിവസത്തിനുള്ളിൽ, ലെവൽ 4 ഓട്ടോണമസ് മിനിബസ് ട്രയൽ, ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ സിറ്റിയിൽ നടക്കും. 3.2 കിലോമീറ്റർ മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ ബസ് പരീക്ഷണയോട്ടം നടത്തും. ഓട്ടോണമസ് മോഡിൽ പരമാവധി വേഗത മണിക്കൂറിൽ 25 കി.മീ ആണ്.
ഖത്തർ നാഷണൽ ലൈബ്രറി മെട്രോ സ്റ്റേഷൻ, ഖത്തറിലെ കാർണഗീ മെലോൺ യൂണിവേഴ്‌സിറ്റി, ഖത്തറിലെ ടെക്‌സസ് എ ആൻഡ് എം യൂണിവേഴ്‌സിറ്റി, ഖത്തർ നാഷണൽ ലൈബ്രറി (ക്യുഎൻഎൽ), ഖത്തറിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്.
ഡ്രൈവറുടെ ആവശ്യമില്ലാതെ തന്നെ ചുറ്റുപാടുകൾ കാണാനും തിരിച്ചറിയാനും, റഡാറുകൾ, ലിഡാറുകൾ, നൂതന ക്യാമറകൾ തുടങ്ങിയവയാണ് മിനിബസിനെ സഹായിക്കുക. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ മിനിബസിന്റെ നിയന്ത്രണം ഏറ്റെടുക്കാനും നിരീക്ഷിക്കാനും ട്രയലിലുടനീളം ഒരു സേഫ്റ്റി ഓപ്പറേറ്ററുടെ സാന്നിധ്യം ഉണ്ടാകും.
ഈ ട്രയലിൽ യാത്രക്കാർ ഉണ്ടാവില്ല. ഒരു യഥാർത്ഥ ലോക പരിതസ്ഥിതിയിൽ സ്വയം ഓടിക്കുന്ന വാഹനങ്ങളുടെ പ്രകടനം പഠിക്കുക എന്നതാണ് ട്രയൽ ലക്ഷ്യമിടുന്നത്. നേരത്തെ മൊവാസലാത്തിന്റെ (കർവ) ആസ്ഥാനത്ത് നടത്തിയ പ്രാരംഭ പരീക്ഷണത്തിന് ശേഷമാണ് ഇപ്പോൾ റോഡിൽ ടെസ്റ്റ് ഡ്രൈവിന് ഒരുങ്ങുന്നത്.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായുള്ള, സാങ്കേതികവും നിയമപരവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പരിഗണനകളും, ഖത്തറിലെ ഡ്രൈവർ-ഇല്ലാ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ നിയമനിർമ്മാണങ്ങളും പരീക്ഷണയോട്ടത്തിന് സമാന്തരമായുണ്ട്.