Qatar
ഡ്രൈവിംഗിലെ മൊബൈൽ ഇനി അതിവേഗം പിടിവീഴും; ക്യാമറ സംവിധാനം ഒരുക്കി ഖത്തർ ട്രാഫിക്ക് വകുപ്പ്
ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോണ് ഉപയോഗിക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സിസിടിവി ക്യാമറ സംവിധാനം സ്ഥാപിച്ച് ഖത്തർ ട്രാഫിക്ക് വകുപ്പ്. പ്രധാനമായും റോഡ് സമീപങ്ങളിലും സിഗ്‌നൽ കേന്ദ്രങ്ങളിലുമാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ഡ്രൈവിങ്ങിൽ ഫോണ് ഉപയോഗിക്കുന്നവരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനം ആക്ടിവേറ്റ് ചെയ്തതായും ട്രാഫിക്ക് ലൈറ്റുകളിലും മറ്റും നേരത്തെ തന്നെ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതായും ട്രാഫിക്ക് അവയർനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്‌രി അറിയിച്ചു.
ഖത്തർ റേഡിയോ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയോടൊത്തു കാറിൽ സഞ്ചരിക്കവേ മൊബൈൽ ഫോണിൽ സംസാരിച്ച ഒരു വനിതക്കെതിരെ കേസ് ചാർജ്ജ് ചെയതതായി അൽ ഹജ്‌രി പറഞ്ഞു.
ഖത്തറിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോണ് ഉപയോഗം കാരണമാണ്.