ദോഹ: ഖത്തറിൽ രണ്ടാം ഘട്ട കോവിഡ് പ്രോട്ടോക്കോൾ ഇളവുകൾക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ജൂണ് 18 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ട ഇളവുകളും തീരുമാനങ്ങളും ഇവയാണ്:
- ഗവണ്മെന്റ് മേഖലയിൽ സ്ഥാപനങ്ങളിൽ 80% വരെ ജീവനക്കാരെ അനുവദിക്കും.
- പ്രൈവറ്റ് മേഖലയിലും 80% വരെ ജീവനക്കാരെ പ്രവേശിപ്പിക്കാം.
- ജോലി സ്ഥലത്തുള്ള മീറ്റിങ്ങുകളിൽ 15 പേരെ വരെ മാത്രം. ഓർക്കുക അതിൽ 10 പേർ എങ്കിലും വാക്സീൻ 2 ഡോസും സ്വീകരിച്ചവർ ആയിരിക്കണം.
- പൊതു സ്വകാര്യ മേഖലകളിലെ വാക്സീൻ എടുക്കാത്ത എല്ലാ ജീവനക്കാരും ആഴ്ച്ച തോറും തുടർച്ചയായ കോവിഡ് ടെസ്റ്റുകൾക്ക് വിധേയമാകണം.
- ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അല്ലാത്ത എല്ലാ സമയത്തും പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചിരിക്കണം. മാസ്കിൽ ഒരു ഇളവുമില്ല.
- ഇഹ്തിരോസ് ആപ്പ് ഉപയോഗം പതിവ് പോലെ തുടരുക.
- മസ്ജിദുകൾ തുറക്കും. പക്ഷെ ശുചീകരണ, ശൗചാലയ സംവിധാനങ്ങൾ അടഞ്ഞു തന്നെ കിടക്കണം.
- വാക്സിനെടുത്ത 10 പേരിൽ കൂടുതൽ അടഞ്ഞ ഇടങ്ങളിൽ കൂട്ടം ചേരരുത്. വാക്‌സിൻ എടുത്ത 20 പേരിൽ കൂടുതൽ തുറന്ന ഇടങ്ങളിൽ കൂട്ടം ചേരരുത്. വാക്സീൻ എടുക്കാത്തവരിൽ ഇത് യഥാക്രമം 5 ഉം 10 ഉം പേരാണ്.
- 75% പേർ വാക്സീൻ എടുത്തവർ ആണെങ്കിൽ മാത്രം വിവാഹ ചടങുകൾ 40 പേരെ വരെ പങ്കെടുപ്പിച്ച് നടത്താം. അതായത് 40 പേർ പങ്കെടുക്കുന്നെങ്കിൽ 30 പേർ എങ്കിലും 2 ഡോസ് വാക്സീൻ എടുത്തവർ ആയിരിക്കണം.
- ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബത്തിനോ അല്ലെങ്കിൽ പരമാവധി 10 പേർക്ക് വരെയോ ബീച്ചിലും പാർക്കിലും എല്ലാം പോകാം. അതേ സമയം കളിസ്ഥലങ്ങളും വ്യായാമ കേന്ദ്രങ്ങളും അടഞ്ഞു കിടക്കും. ബീച്ചിൽ പരമാവധി ശേഷിയുടെ ശതമാനം 30 ൽ നിന്ന് 40 ലേക്ക് ഉയർത്തിയിട്ടുണ്ട്.
- വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രം. ഒരു വീട്ടിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇത് ബാധകമല്ല.
- ബസ്സിൽ 50% വരെ ആളെ കയറ്റാം.
- മെട്രോ അടങ്ങുന്ന പൊതുഗതാഗത്തിൽ 30% കപ്പാസിറ്റി തുടരും. സ്മോക്കിംഗ് ഏരിയ അടഞ്ഞു കിടക്കും. ഭക്ഷ്യ നിരോധനം തുടരും.
- ജീവനക്കാർ വാക്സിനേറ്റഡ് ആണെങ്കിൽ ഡ്രൈവിംഗ് സ്‌കൂളുകൾ 30% കപ്പാസിറ്റിയിൽ പ്രവർത്തിക്കാം.
- 30% ഒക്യൂപൻസിയിൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും. 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം പ്രവേശനം. 75% കാണികൾ എങ്കിലും വാക്സീൻ എടുത്തവർ ആയിരിക്കണം.
- സ്വകാര്യ വിദ്യാഭ്യാസ/ട്രെയിനിംഗ് സ്ഥാപനങ്ങൾ 30% ശേഷിയിൽ പ്രവർത്തിക്കുന്നത് തുടരും. ജീവനക്കാർക്ക് വാക്സീൻ നിർബന്ധം.
- നഴ്‌സറി, ചൈൽഡ് കെയർ സെന്ററുകളുടെ കാര്യവും സമാനം.
- മ്യുസിയങ്ങളിലും ലൈബ്രറികളിലും അനുവദനീയ പരിധി 50% ലേക്ക് ഉയർത്തിയിട്ടുണ്ട്.
- ഭിന്നശേഷി കേന്ദ്രങ്ങളിൽ 5 വിദ്യാർത്ഥികളെ വരെയും അവർക്ക് ഒരു അധ്യാപകൻ വരെയും എന്ന രീതി തുടരും.
- പ്രൊഫഷണൽ പരിശീലന കേന്ദ്രങ്ങൾക്ക് പ്രവർത്തന അനുമതിയുണ്ട്. അമച്വർ പരിശീലന കേന്ദ്രങ്ങളിൽ വാക്സീൻ എടുത്ത 20 പേരെ ഔട്ട്ഡോറിലും 10 പേരെ ഇൻഡോറിലും അനുവദിക്കും.
- ആരോഗ്യ വകുപ്പിൻറെ അനുമതി ഉള്ള ദേശീയ, അന്തർദേശീയ കായിക ടൂർണമെന്റുകളിൽ ഇൻഡോർ മത്സരങ്ങൾക്ക് 20% ഉം, ഔട്ട്ഡോർ മത്സരങ്ങൾക്ക് 30% വും കാണികളെ അനുവദിക്കുന്നത് തുടരും. ഓർക്കുക കാണികളിൽ 75 ശതമാനവും വാക്സീൻ മുഴുവൻ ഡോസ് ലഭിച്ചവർ ആയിരിക്കണം.
- പ്രത്യേക അനുമതിയോടെ എക്‌സിബിഷനുകളും ഫെയറുകളും സമ്മേളനങ്ങളും 30% കപ്പാസിറ്റിയിൽ അനുവദിക്കും.
- ഷോപ്പിംഗ് സെന്ററുകളുടെ അനുവദനീയ ശേഷി 50 ശതമാനത്തിലേക്ക് കൂട്ടി. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയും ഇനി അനുവദിക്കും എന്നതാണ് പ്രധാന മാറ്റം. ഒപ്പം ഇവിടങ്ങളിലെ ഭക്ഷ്യശാലകൾക്കും തുറക്കാൻ അനുമതി. ഓർക്കുക ഇവയ്ക്ക് പരിധി 30% ആണ്. പ്രെയർ ഹാളുകളും ടോയ്‌ലറ്റുകളും തുറക്കാം.
- ഔട്ട്ഡോർ ഭക്ഷണശാലകളിൽ ക്ളീൻ ഖത്തർ സർട്ടിഫിക്കറ്റ് ഉള്ളവയിൽ 50 ശതമാനം വരെയും അല്ലാത്തവയിൽ 30% വരെയും ആളുകളെ പ്രവേശിപ്പിക്കാം. ഇൻഡോർ ഭക്ഷ്യശാലകളിൽ ഇത് യഥാക്രമം 30, 15 ശതമാനം ആണ്. വാക്സീൻ എടുത്ത ഉപഭോക്താക്കളെ ഇൻഡോറിൽ അനുവദിക്കണം.
- വാടക വള്ളങ്ങളും ബോട്ടുകളും ശേഷിയുടെ 50% വരെയോ അല്ലെങ്കിൽ പരമാവധി 15 പേരെ വരെയോ പ്രവേശിപ്പിക്കാം. അതിൽ വാക്സീൻ എടുക്കാത്ത 3 പേരെ വരെ അനുവദിക്കും.
- പോപ്പുലർ മാർക്കറ്റുകൾക് 50% വരെ ശേഷിയിൽ പ്രവർത്തിക്കാം. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് നോ എൻട്രി.
- ഹോൾസെയിൽ മാർക്കറ്റുകൾക്കും അതേ വ്യവസ്ഥ തന്നെ.
- ബാർബർ ഷോപ്പുകളിൽ 30% തുടരും. ജീവനക്കാർക്കും കസ്റ്റമേഴ്സിനും വാക്സീൻ നിർബന്ധം.
- അമ്യൂസ്മെന്റ് പാർക്കുകൾ അടക്കമുള്ള വിനോദ കേന്ദ്രങ്ങളിൽ ഔട്ട്ഡോർ ഇടങ്ങളിൽ 30 ശതമാനവും ഇൻഡോർ ഇടങ്ങളിൽ 20%-വും പ്രവേശനം തുടരും. 75 ശതമാനം കസ്റ്റമേഴ്‌സ് വാക്സീൻ എടുത്തവർ ആയിരിക്കണം.
- ജിമ്മുകൾ, ഹെൽത്ത് ക്ലബുകൾ, ടർക്കിഷ് ബാത്ത്, ജക്കൂസികളിൽ എല്ലാം അനുവദിക്കുന്ന പരിധി 40% ആക്കിയിട്ടുണ്ട്. മുഴുവൻ ജീവനക്കാരും ഉപഭോക്താക്കളും വാക്സീൻ എടുത്തിരിക്കണം.
- സ്വിമ്മിംഗ് പൂളുകളിലും വാട്ടർ പാർക്കുകളിലും ഔട്ട്ഡോറിൽ 40 ശതമാനം വരെയും ഇൻഡോറിൽ 20% വരെയും വാക്സീൻ മുഴുവൻ ഡോസ് എടുത്ത ആളുകളെ അനുവദിക്കും.
- മെഡിക്കൽ കേന്ദ്രങ്ങളിൽ ശേഷിയുടെ 80% പ്രവേശനം.
- ക്ളീനിംഗ് ആന്റ് ഹോസ്പിറ്റാലിറ്റി സർവീസുകൾക്ക് വാക്സീൻ എടുത്ത വർക്കേഴ്‌സിനെ വച്ച് വീടുകളിലും 50% ൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വർക്കിംഗ് അവേഴ്‌സിലും സർവീസ് നൽകാം.